ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ മെഗാ ക്ലീനിംഗ് കാമ്പയിന്റെ ഒന്നാം ഘട്ടം പൂർത്തിയായി. 30000 പേർ അണിചേർന്ന പദ്ധതിയിൽ 100ലധികം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്.രാവിലെ 7ന് 115 കേന്ദ്രങ്ങളിൽ കതിന വെടികൾ മുഴങ്ങിയതോടെ പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാൻ ഗ്രാമവാസികൾ ഒന്നടങ്കം മുന്നിട്ടിറങ്ങി.
വിവിധ കേന്ദ്രങ്ങളിൽ മുതിർന്ന പൗരൻമാർ പ്രതിജ്ഞ ചൊല്ലിയും ദീപം തെളിച്ചുമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.വീടും പരിസരവും മുൻ കൂട്ടി ശുചീകരിച്ചിരുന്ന നിവാസികൾ വീട്ടിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകൾ ചാക്കു കെട്ടുകളാക്കി പണിയായുധവുമായാണ് പ്രധാന കേന്ദ്രങ്ങളിൽ എത്തിയത്.തുടർന്ന് അഞ്ചു മണിക്കൂർ കൊണ്ട് 23 വാർഡുകളിലും 80 ശതമാനത്തോളം പ്രദേശങ്ങൾ മാലിന്യ വിമുക്തമാക്കി.പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ പേർക്കും 115 കേന്ദ്രങ്ങളിലും ഭക്ഷണമായി കപ്പയെത്തിച്ചിരുന്നു.ഇതിനായി 5ടൺ കപ്പയാണ് പഞ്ചായത്ത് സജ്ജമാക്കിയത്.ഉച്ചയ്ക്ക് 12 ഓടേടെ മെഗാ കാമ്പയിൻ പൂർത്തിയാക്കി വിവിധ കേന്ദങ്ങളിൽ നിന്ന് കാൽ നടയായും വാഹനങ്ങളിലും സമാപന സമ്മേളന വേദിയായ ചാലിൽ പ്രതീക്ഷ ഭവൻ സ്കൂൾ അങ്കണത്തിൽ എത്തി.തുടർന്ന് നടന്ന സമാപന സമ്മേളനഉദ്ഘാടനവും ഹരിത കേരള മിഷന്റെ 'ഇനി ഞാൻ ഒഴുകട്ടെ" എന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷനായി. അഡ്വ.എ.എം.ആരിഫ് എം.പി പ്ലാസ്റ്റിക് വിമുക്ത ഗ്രാമ പ്രഖ്യാപനം നടത്തി.ചാരിറ്റി വേൾഡ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി മുഖ്യപ്രഭാഷണം നടത്തി.ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ഹരിത സന്ദേശം നൽകി.വൈസ് പ്രസിഡന്റ് രേഷ്മ രംഗനാഥ്,രമാ മദനൻ,സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ജെ.സെബാസ്റ്റ്യൻ,സനൽനാഥ്,സാനു സുധീന്ദ്രൻ,രമേഷ് ബാബു,എസ്.ശൈലേഷ്,മിനി ബിജു,മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി,ഡി.ബാബു,ബേബി തോമസ്,പി.സി.സേവ്യർ എന്നിവർ പങ്കെടുത്തു.