ആലപ്പുഴ: കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രളയകാല അഭയകേന്ദ്രങ്ങൾ ആരംഭിക്കാൻ കളക്ടറേറ്റിൽ ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായി. കുട്ടനാട്ടിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്ക്, പി.തിലോത്തമൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം.
പ്രളയകാല രക്ഷാ പ്രവർത്തനങ്ങൾ ആവശ്യമില്ലാത്ത സമയത്ത് ഇത്തരം അഭയ കേന്ദ്രങ്ങൾ കൺവെൻഷൻ സെന്ററുകളായി ഉപയോഗിക്കും. ഇതിനാവശ്യമായുള്ള സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ ഉടനടി പൂർത്തിയാക്കാൻ ബന്ധപ്പെട്ട പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. രണ്ടാം ഘട്ട കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തേണ്ട പദ്ധതികളെക്കുറിച്ചുള്ള അന്തിമ രൂപം ആസൂത്രണ വിഭാഗം ഉടൻ തയ്യാറാക്കും.
വേമ്പനാട് കായലടക്കമുള്ള കുട്ടനാട്ടിലെ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. പ്ളാസ്റ്റിക്കുകൾ നീക്കം ചെയ്ത് സംസ്കരിക്കും.
എല്ലാ പഞ്ചായത്തുകളിലേയും ജലാശയങ്ങൾ മാലിന്യമുക്തമാക്കി ആഴം കൂട്ടുന്നതിനുള്ള പദ്ധതി രൂപീകരിച്ച് ഒരു മാസത്തിനകം സമർപ്പിക്കണം
.മടവീഴ്ച് മൂലം കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി നിലവിലെ ബണ്ടുകൾക്ക് വീതി കൂട്ടി ബലപ്പെടുത്തിയ സ്ഥിരം ബണ്ടുകൾ നിർമ്മിക്കും.
കനാലുകളിൽ നിന്നും നീക്കം ചെയ്യുന്ന ചെളി പുറം ബണ്ടുകളുടെ വീതി കൂട്ടാൻ ഉപയോഗിക്കും.
കൈനകരിയിൽ നിലവിൽ മടവീണ പാടശേഖരങ്ങളിൽ താൽക്കാലിക ബണ്ട് നിർമ്മിക്കും.
ആറ് മാസത്തിനകം സ്ഥിരം ബണ്ടുകൾ നിർമ്മിക്കും.
കക്കൂസ് മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം
ഹൗസ് ബോട്ടുകളിലേതടക്കമുള്ള കക്കൂസ് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി സ്ഥിരം സംവിധാനം ഒരുക്കും. ഇതിനായി നഗരപ്രാന്ത പ്രദേശത്ത് പ്രത്യേകം സ്ഥലം കണ്ടെത്തും. 'ഒരു നെല്ലും ഒരു മീനും' പദ്ധതി ജില്ലയിലാകെ വ്യാപിപ്പിക്കുമെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ശാസ്ത്രീയമായ രീതിയിൽ കൃഷിയെ ബാധിക്കാത്ത തരത്തിൽ നൂതന യന്ത്രങ്ങളുടെ സഹായത്തോടുകൂടി കുട്ടനാട്ടിലെ ജലാശയങ്ങളിലെ മാലിന്യ പ്രശ്നമടക്കമുള്ളവ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു.