sn

കായംകുളം: ശ്രീനാരായണ സെൻട്രൽ സ്‌കൂളിൾ നടന്ന എക്‌സിബിഷൻ ശ്രദ്ധേയമായി. മാനേജർ വി.ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമിതി സെക്രട്ടറി പളളയമ്പിൽ ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി എം.രവീന്ദ്രൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എസ്.വി.ശ്രീജയ എന്നിവർ സംസാരിച്ചു.

സി.ബി.എസ്.ഇ പുതുതായി ഏർപ്പെടുത്തിയ ഹബ്‌സ് ഒഫ് ലേണിംഗിന്റെ ഭാഗമായി അൽഹുദാ സെൻട്രൽ സ്‌കൂൾ നീർക്കുന്നം, ബിഷ്പ്പ്മൂർ വിദ്യാപീഠ് ചേർത്തല, ബുദ്ധ എഡ്യുക്കേഷൻ സെന്റർ മുതുകുളം, ജോർജിയൻ പബ്ലിക് സ്‌കൂൾ എടത്വ, സെന്റ് ജോർജ് സീനിയർ സെക്കൻഡറി സ്‌കൂൾ കൊഴുവല്ലൂർ എന്നീ അഞ്ചും സ്‌കൂളുകളും ഈ സ്‌കൂളുകളുടെ ലീഡ് കൊളാബറേറ്റഡ് സ്‌കൂളായ കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂളും ചേർന്നാണ് എക്‌സിബിഷൻ സംഘടിപ്പിച്ചത്.

പോസ്റ്റൽ ഡിപ്പാർട്ടുമെന്റും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റും എക്‌സിബിഷന്റെ ഭാഗമായി. സ്റ്റാമ്പ്, പുരാവസ്തു എന്നിവയുടെ പ്രദർശനവും നടന്നു. ശ്രീനാരായണ സെൻട്രൽ സ്‌കൂളിന്റെ ഭാഗമായി ചിത്രകലാ പ്രദർശനം, സയൻസ് ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായി ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന വർക്കിംഗ് മോഡലുകൾ, കുട്ടനാടിന്റെ പുനരുദ്ധാരണം, ഔഷധസസ്യങ്ങൾ, മലയാളം ഡിപ്പാർട്ടുമെന്റിന്റേതായി ആധുനിക തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന നെൽപ്പാടങ്ങളും, ചക്രം, അറ, കലപ്പ, തുടങ്ങിയ കാർഷികോപകരണങ്ങൾ, പരമ്പരാഗത ഭക്ഷ്യവിഭവങ്ങൾ, കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ വാഗ്ദാനമായ റോബോട്ടിക്‌സിന്റെ സാദ്ധ്യതകൾ തുടങ്ങി ആയിരത്തോളം ഇനങ്ങൾ പ്രദർശനത്തി​ലുണ്ട്. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യ.എസ്.ബാബുവിന്റെ മോഹിനിയാട്ടവും ഫിസ.ആർ.പ്രവീണിന്റെ നേതൃത്വത്തിലുളള ഇൻസ്ട്രമെന്റൽ മ്യൂസിക് ഫ്യൂഷനും ഉദ്ഘാടന ച‌‌ടങ്ങി​ന് മിഴിവേകി.