tv-r

കാരുണ്യവുമായി വിദ്യാർത്ഥി കൂട്ടായ്മയുടെ തട്ടുകട

തുറവൂർ: തങ്ങളുടെ കൂട്ടുകാരന്റെ സഹോദരി​യെ ജീവി​ത പാതയി​ൽ പി​ടി​ച്ചുനി​റുത്താൻ ഈ കുരുന്നുകൾ നടത്തുന്ന പ്രയത്നം ആരുടെ മനസി​നെയും ഒന്നുലയ്ക്കും. സഹോദരി​യുടെ വൃക്ക മാറ്റി​വയ്ക്കാൻ ദേശീയ പാതയോരത്ത് രാത്രി​ തട്ടുക‌ട നടത്തുകയാണി​വർ.

ഈ നാടൻ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തുന്ന ഓരോരുത്തരും നൽകുന്ന തുക നിർദ്ദനയായ ഒരു പെൺകുട്ടിക്ക് തുടർ ജീവിതമേകും.

തുറവൂർ വളമംഗലം എസ്.എൻ.ജി.എം.ശ്രീഗോകുലം കോളേജിലെ ഹോട്ടൽ മാനേജ്‌മെന്റ് നാലാം വർഷം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണി​ത്.

തങ്ങളുടെ സഹപാഠിയുടെ സഹോദരിക്ക് വൃക്കമാറ്റ ശസ്ത്രക്രി​യയ്ക്ക് പണം സമാഹരിക്കാനായാണ് തുറവൂർ ജംഗ്ഷനിൽ വെസ്റ്റ്.യു.പി സ്‌കൂളിന് സമീപം തട്ടുകട തുടങ്ങിയത്.

കോട്ടയം മീനച്ചിൽ താലൂക്കിലെ കല്ലുവെട്ടത്ത് വീട്ടിൽ ഐശ്വര്യ (28)യാണ് വൃക്കരോഗത്തെ തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സ തുടരുന്നത്. ഐശ്വര്യയുടെ കുടുംബ സുഹൃത്ത് വൃക്ക നൽകാൻ സന്നദ്ധനാണ്. എന്നാൽ 20 ലക്ഷം രൂപയോളം ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ചെലവു വരും. നിത്യവൃത്തിയ്ക്കു പോലും വിഷമിക്കുന്ന പാവപ്പെട്ട കുടുംബത്തിന് ഈ വലിയ തുക കണ്ടെത്താനായില്ല.വീട് ഉൾപ്പെടെ പണയപ്പെടുത്തിയിട്ടും ചികിത്സയ്ക്കുള്ള പകുതി തുക പോലും സമാഹരിക്കാൻ സാധിച്ചില്ല വ്യക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രി​യയിലൂടെ മാത്രമേ ഐശ്വര്യയുടെ ജീവൻ രക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഡോക്ടർമാർ പറയുന്നത് ഈ സാഹചര്യത്തിലാണ് തങ്ങളുടെ പഠനസമയം കഴിഞ്ഞ് ദിവസവും വൈകിട്ട് നാല് മുതൽ രാത്രി രണ്ട് വരെ തട്ടുകട നടത്തി ചികിത്സയ്ക്കുളള സമാഹരിക്കാൻ കുട്ടികൾ തീരുമാനിച്ചത്. നാലിന് തുടങ്ങിയ തട്ടുകടയുടെ പ്രവർത്തനം 18 വരെ ഉണ്ടാകും.

അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉൾപ്പടെയുള്ള പ്രമുഖർ തട്ടുകടയിലെത്തി വിദ്യാർത്ഥികളെ അനുമോദിച്ചിരുന്നു. നാട്ടുകാരും വാഹന യാത്രികരും ഈ തട്ടുുകട തേടിയെത്തുന്നു. അന്തിനേരങ്ങളിൽ തട്ടുകടയിലേക്ക് വരുന്നവർ ഹോട്ടൽ മാനേജ്‌മെൻറ് വിദ്യാർത്ഥികൾ ഒരുക്കുന്ന ഭക്ഷണ സാധനങ്ങൾ ഭക്ഷിച്ചു സംതൃപ്തിയോടെ മടങ്ങുന്നു. അതി​നൊപ്പം ഓരോരുത്തരുടെയും മുഖത്ത് കാരുണ്യ പ്രവർത്തനത്തിൽ പങ്കാളിയായതിന്റെ നിറവും കാണാം. തട്ടുകടയിൽ ഐശ്വര്യയുടെ സഹോദരൻ ആരോമലുമുണ്ട്. ഐശ്വര്യയുടെ പേരിൽ എസ്.ബി.ഐ.യുടെ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.കെ.എസ്.ഐശ്വര്യ, അക്കൗണ്ട് നമ്പർ 381666231198, എസ്.ബി.ഐ.ബാങ്ക് ,മെഡിക്കൽ കോളേജ് ബ്രാഞ്ച് ,കോട്ടയം. ഐ.എഫ്.എസ്. കോഡ്: SBINOO7011.