മാവേലിക്കര: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്കു പിന്നിൽ ചരക്ക് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ, ചരക്ക് ലോറിയിലുണ്ടായിരുന്ന കോളേജ് വിദ്യാർത്ഥി മരിച്ചു. മാവേലിക്കര ബിഷപ് മൂർ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി മാവേലിക്കര കല്ലുമല മേലെപറമ്പിൽ ജെസ്റ്റിൻ ജെയിംസ് (21) ആണ് മരിച്ചത്. മാതൃസഹോദരി ബീന പ്രസാദിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു ജെസ്റ്റിൻ. ലോറിയിൽ ലിഫ്റ്റ് ചോദിച്ച് കയറിയതാണ് .കോടംതുരുത്ത് ബസ് സ്റ്റോപ്പിന് വടക്കുവശം ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം .ഗുരുതര പരിക്കേറ്റ ജസ്റ്റിനെ നാട്ടുകാർ ഉടൻ തുറവൂർ താലൂക്ക്.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജെയിംസ് പോളിന്റെയും (മാവേലിക്കര എ.ആർ. രാജരാജവർമ്മ സ്മാരക ഗവ. ഗേൾസ് എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപകൻ) സാലമ്മ ജോണിന്റെയും (അദ്ധ്യാപിക, കല്ലുമല സി.എം.എസ് എൽ.പി.എസ്) ഇളയ മകനാണ് മരിച്ച ജെസ്റ്റിൻ ജയിംസ് . സഹോദരൻ: ക്രിസ്റ്റി ജെയിംസ് (ചെന്നൈ). മൃതദേഹം നാളെ രാവിലെ 9.30 ന് ബിഷപ്പ് മൂർ കോളജിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ഉച്ചക്ക് 2ന് കല്ലുമല സെന്റ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.