chena

ചാരുംമൂട്‌: മജസ്റ്റിക് സെന്ററിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തി​ലെ കാർഷി​ക വി​ഭവങ്ങളും ഉപകരണങ്ങളും കൗതുകമാകുന്നു.

മുപ്പത് കിലോയുള്ള ചേനയും കാർഷികോത്പന്നങ്ങളും പച്ചക്കറികളും കൊണ്ട് നിർമ്മിച്ച ഗണപതി രൂപം പ്രദർശന നഗരി​യി​ൽ ശ്രദ്ധാകേന്ദ്രമാകുകയാണ്.

ഓണാട്ടുകര ഫാർമേഴ്സ് ക്ലബിൽപ്പെടുന്ന ചത്തിയറ കിസ് ലയ ഫാർമേഴ്സ് ക്ലബിന്റെ സ്റ്റാളിലാണ് മുപ്പത് കിലോ തൂക്കം വരുന്ന ചേന.
ഈ വർഷത്തെ മികച്ച പച്ചക്കറി കർഷകനുള്ള സംസ്ഥാന സർക്കാർ അവാർഡ് ജേതാവ് വേടരപ്ലാവ് ഡി. രത്നാകരന്റെ നേതൃത്വത്തിലുള്ള ഹരിത ഫാർമേഴ്സ് ക്ലബ്ബിന്റെ സ്റ്റാളിലാണ് ഗണപതി രൂപം. മത്തങ്ങ, പടവലങ്ങ, നിത്യവഴുതന തുടങ്ങിയവ ഉപയോഗിച്ചാണ് മികച്ച കർഷകനായ ശങ്കരൻ കുട്ടി ഗണപതി രൂപം ചെയ്തിരിക്കുന്നത്.
ഓണാട്ടുകരയുടെ തനത് കാർഷികോത്പന്നങ്ങളുടെയും കാർഷികോപകരണങ്ങളുടെയും പ്രദർശനം മേളയുടെ പ്രത്യേകതയാണ്.

ഭക്ഷ്യ മേളയി​ൽ തനതുരുചി​ മേളം
കാർഷിക പ്രദർശന-വിപണന സ്റ്റാളുകൾ കൂടാതെ നൂറോളം സ്റ്റാളുകൾ മേളയിലുണ്ട്. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും കുടുംബശ്രീ യൂണിറ്റുകള്ളടെ സ്റ്റാളുകളും ഉണ്ട്.

കുടുംബശ്രീ ജില്ലാ മിഷൻ ഒരുക്കിയിട്ടുള്ള ഭക്ഷ്യമേളയാണ് മറ്റൊരാകർഷണം. ഓണാട്ടുകരയുടെ തനതു രുചികൾ പകർന്നു നൽകുന്ന ഭക്ഷ്യമേളയിലും വലിയ തിരക്കാണുള്ളത്.