മാവേലിക്കര : എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി ബി.സുരേഷ് ബാബു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യൂണിയൻ വൈസ് പ്രസിഡന്റും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ ഷാജി.എം.പണിക്കർ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.അനിൽ രാജ്, ഡയറക്ടർ ബോർഡ് അംഗം മൊട്ടയ്ക്കൽ സോമൻ, യൂണിയൻ കൗൺസിലർമാരായ ബിനു ധർമ്മരാജ്, സുധ വിജയകുട്ടൻ, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ നവീൻ വി.നാഥ്, അനിൽ നടരാജൻ എന്നിവ
ർ രംഗത്തെത്തി. ഇന്നലെ വാർത്താ സമ്മേളനം നടത്തിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്. മൈക്രോഫിനാൻസ് ഉൾപ്പടെ ഒരു തട്ടിപ്പിലും തനിക്ക് ബന്ധമില്ലെന്നും ഏത് അന്വേഷണത്തേയും നേരിടാൻ സന്നദ്ധനാണെന്നും ഷാജി.എം.പണിക്കർ പറഞ്ഞു. തട്ടിപ്പ് ആരോപണങ്ങളിൽ സ്വന്തം നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരാനാണ് വാർത്താ സമ്മേളനം നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്.എൻ.ഡി.പി യോഗത്തെ പിളർത്താമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. യോഗത്തിനെ ഇല്ലാതാക്കുന്ന രീതിയിലേക്കാണ് നിലവിൽ മാവേലിക്കര യൂണിയൻ പ്രസിഡന്റിന്റെ പോക്ക്. ഇതിന് ഒപ്പം നിൽക്കാൻ താനും തന്റെയൊപ്പം നിൽക്കുന്നവരും തയ്യാറല്ല.
ശാഖ പ്രസിഡന്റായി വന്ന് യൂണിയൻ പ്രസിഡന്റാകുകയും തുടർന്ന് സ്ഥാനമാനങ്ങൾ പലതും നേടിയെടുക്കുകയും ചെയ്തശേഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സ്ഥാനം തട്ടിയെടുക്കാൻ ഭ്രാന്തമായ ശ്രമങ്ങളാണ് സുഭാഷ് വാസു നടത്തുന്നതെന്ന് ഷാജി.എം പണിക്കർ പറഞ്ഞു. യൂണിയന്റെ സ്വത്തുവകകൾ യൂണിയൻ പ്രസിഡന്റ് പണയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മൈക്രോ ഫിനാൻസിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ട്. പലപ്പോഴും യോഗങ്ങളിൽ കണക്കുകൾ ചോദിച്ചപ്പോൾ ഉത്തരം നൽകാതെ ധാർഷ്ട്യമായി പെരുമാറുകയാണ് ചെയ്തത്. പ്രസിഡന്റും സെക്രട്ടറിയും മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട കണക്കുകൾ തന്നെയോ കൗൺസിൽ അംഗങ്ങളേയോ കാട്ടിയിട്ടില്ല. ഇക്കാര്യം ആരാഞ്ഞവരെയൊക്കെ യൂണിയനിൽ നിന്ന് പുറത്താക്കി. ഇപ്പോൾ സുഭാഷ് വാസു യോഗത്തിന് എതിരായതുകൊണ്ടാണ് ഇത്തരത്തിൽ ഒരു തുറന്ന് പറച്ചിൽ വേണ്ടിവന്നതെന്ന് ഷാജി എം.പണിക്കർ പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ ചെയ്യുന്നതിനെല്ലാം മൂകസാക്ഷിയായി ഇരിക്കാനേ കഴിഞ്ഞിട്ടുള്ളു. ജനറൽ സെക്രട്ടറിയ്ക്കും യോഗത്തിനും എതിരെ സുഭാഷ് വാസു പ്രവർത്തനം ആരംഭിച്ചെന്ന് വിവരം ലഭിച്ചത് കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിലാണെന്നും അദ്ദേഹം പറഞ്ഞു.