ആലപ്പുഴ:രാജ്യത്ത് ഇപ്പോൾ മതേതരത്വം കാണാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇവിടെ ആരെയും മാറ്രിനിറുത്തുന്നില്ല.കേന്ദ്രം പാസാക്കിയ പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഈ മതേതരത്വ സ്വഭാവത്തിന് തെളിവാണ്.മറ്റു പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കി പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അറവുകാട് സമരപ്രഖ്യാപനം പോലുള്ള ഐതിഹാസികമായ പ്രക്ഷോഭങ്ങളാണ് കേരളത്തെ ഈ നിലയിലേക്ക് ഉയർത്തിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അറവുകാട് പ്രഖ്യാപനത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം നേതൃത്വത്തിൽ അറവുകാട് മൈതാനിയിൽ സംഘടിപ്പിച്ച ചരിത്രസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

രാജ്യത്ത് ആരെയും തീവ്രവാദിയായി ചിത്രീകരിക്കാൻ കഴിയുന്ന കരിനിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.തീവ്രവാദിയല്ലെന്ന് സ്വയം തെെളിയിക്കേണ്ട ബാദ്ധ്യതയാണ് ഓരോ പൗരനുമുള്ളത്.വ്യക്തിപരമായ അവകാശങ്ങൾ ഹനിക്കുന്നതാണ് അമിത്ഷായുടെ കരിനിയമങ്ങൾ.ലോക് സഭ, ജുഡിഷ്യറി, സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം പ്രത്യേക താത്പര്യങ്ങൾക്ക് വിധേയമാക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം.

നിയമനിർമാണം നടത്തിയാൽ പോലും അത് നടപ്പാക്കാൻ പ്രക്ഷോഭം നടത്തേണ്ടിവരുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് അറവുകാട് പ്രഖ്യാപനവും അതേ തുടർന്നുണ്ടായ പ്രക്ഷോഭവും. ഭൂമിയില്ലാത്തവന് ഭൂമി കിട്ടാനുള്ള നിയമമാണ് ഇ.എം.എസ് സർക്കാർ പാസാക്കിയത്.എന്നാൽ ജനങ്ങൾക്ക് അത് കിട്ടാതിരിക്കാനുള്ള നടപടികളാണ് ഒരു വശത്ത് നടന്നത്.ആറ് ലക്ഷം ഏക്കർ മിച്ചഭൂമിയുണ്ടെന്നാണ് സർക്കാർ അന്ന് കണ്ടെത്തിയത്. എന്നാൽ ചില പഴുതുകളുണ്ടാക്കി അത് രണ്ട് ലക്ഷമാക്കി ചുരുക്കുകയാണ് അന്നത്തെ പിന്തിരിപ്പൻ ശക്തികൾ ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.

ഭരണഘടയുടെ അടിസ്ഥാനം തന്നെ തകർക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ തുടരുന്നത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യം പോലും പറഞ്ഞിട്ടുള്ളത്. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് അടക്കം പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുകയാണ്.രാജ്യത്തും വിദേശത്തുമുള്ള ,പ്രധാനമന്ത്രിയുടെ കൂട്ടുകാരായ കോർപ്പറേറ്റുകളാണ് ഇതിന്റെ ഗുണഭോക്താക്കൾ.രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ശക്തമായ മുന്നേറ്റമുണ്ടാവണം. കേരളം ഇക്കാര്യത്തിൽ മുന്നിൽ നിൽക്കണമെന്നും യെച്ചൂരി പറഞ്ഞു.

മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യപരമായ കാരണങ്ങളാൽ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന വി.എസ്.അച്യുതാനന്ദന്റെ സന്ദേശം യോഗത്തിൽ വായിച്ചു.സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള, കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി ടി.എം.തോമസ് ഐസക്ക്, കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണൻ,കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ.ബാലൻ, എം.എൽ.എ മാരായ സജി ചെറിയാൻ, യു.പ്രതിഭ, എ.എം.ആരിഫ് എം.പി, സി.എസ് .സുജാത, ബി.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ആർ.നാസർ സ്വാഗതവും എം.സത്യപാൽ നന്ദിയും പറഞ്ഞു.