house

മാന്നാർ: വാസയോഗ്യമല്ലാത്ത വീട്ടിൽ താമസി​ക്കുന്ന വയോദമ്പതികൾക്ക് ചോരാത്ത വീട് പദ്ധതിയിലൂടെ ഭവനമൊരുങ്ങുന്നു. മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡ് പാവുക്കര കോതേരിൽ വീട്ടിൽ കരുണാകരൻ - ശാരദ ദമ്പതികൾക്കാണ് ഏറെനാളത്തെ സ്വപ്നം സാഫല്യമാകുന്നത്. കൂലിപ്പണിക്കാരനായ കരുണാകരനും ഭാര്യ ശാരദയും ഒന്നേകാൽ സെന്റ് സ്ഥലത്ത് ഏതുനിമിഷവും നിലംപതിക്കാവുന്ന ചോർന്നൊലിക്കുന്ന വീട്ടിലാണ് കഴിഞ്ഞിരുന്നത്. അയൽവാസിയായ കയ്യത്രയിൽ എം.ഐ. തോമസ് വർഷങ്ങൾക്ക് മുമ്പ് ഇവർക്ക് സൗജന്യമായി നൽകിയതാണ് ഒന്നേകാൽ സെന്റ് ഭൂമി. ആസ്തമ രോഗിയാണ് കരുണാകരൻ. മുൻ ഗ്രാമപഞ്ചായത്തംഗം കൂടിയായ ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ. കരിം മുൻകൈയ്യെടുത്ത് മാന്നാർ കയ്യത്രയിൽ എന്റർപ്രൈസസ് ഉടമ എം.ഐ. തോമസിന്റെ സഹകരണത്തോടെയാണ് ഇവർക്ക് ഭവനമൊരുക്കുന്നത്. പദ്ധതിയിലെ മുപ്പത്തിയൊന്നാമത്ത് വീടാണിത്. നിർമ്മാണോദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ് നിർവഹിച്ചു. പദ്ധതി ചെയർമാൻ കെ.എ. കരിം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികലാ രഘുനാഥ്, പ്രൊഫ. പി.ഡി. ശശിധരൻ, ജേക്കബ് തോമസ് അരികുപുറം, ഗ്രാമപഞ്ചായത്തംഗം ചാക്കോ കയ്യത്ര, എം.ഐ. തോമസ് കയ്യത്ര, ഏലിയാമ്മ തോമസ്, മണി കയ്യത്ര, കെ.സി. രാഘവൻ, റോയി പുത്തൻപുരയക്കൽ, ബഷീർ പാലക്കീഴിൽ, സജി കുട്ടപ്പൻ, കെ.പി. ഗോപി എന്നിവർ സംസാരിച്ചു.