ആലപ്പുഴ:അപ്രതീക്ഷിതമായി എത്തിയ തോരാമഴയിലും അറവുകാട് സമരപ്രഖ്യാപനത്തിന്റെ ആവേശത്തിന് തെല്ലും ഊർജ്ജം കുറ‌ഞ്ഞില്ല. തുള്ളിമുറിയാതെ പെയ്ത മഴയും ഗതാഗത തിരക്കും കാരണം, ഉദ്ഘാടകനായ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എത്താൻ ഒരു മണിക്കൂറോളം വൈകിയിട്ടും ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ സമ്മേളന നഗറിൽ ക്ഷമയോടെ കാത്തുനിന്നു.

മൂന്ന് മണിക്ക് ചരിത്രസംഗമം പരിപാടി തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. സംഘാടകരെല്ലാം യഥാസമയം സമ്മേളനസ്ഥലത്ത് എത്തുകയും ചെയ്തു. അതിന് എത്രയോ മുമ്പേ വാഹനങ്ങളിലും പ്രകടനമായും സ്ത്രീകളടക്കമുള്ള വൻ ജനക്കൂട്ടം അറവുകാട് മൈതാനിയിൽ എത്തിയിരുന്നു. ഇതിനിടെയാണ് മഴ തകർത്തു പെയ്തത്.സമ്മേളന പന്തലിൽ വെള്ളം ഒഴുകിയെത്തി. എന്നിട്ടും ഇരിപ്പിടം വിട്ട് ആരും മാറിയില്ല. തുടർച്ചയായി മഴ പെയ്യുന്നതിനിടെയാണ് പന്തലിന്റെ ഒരു ഭാഗത്തെ ടാർപ്പൊളിൻ വെള്ളത്തിന്റെ ഭാരത്താൽ താഴേക്കു പതിച്ചത്. ഇത് ചെറിയ പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും ആരും സദസ് വിട്ടില്ല. ഒരു വശത്ത് മഴ തിമിർക്കുമ്പോൾ ,വേദിയിൽ 'ആലപ്പി ബ്ളാക്ക് പേൾ' എന്ന മ്യൂസിക് ട്രൂപ്പ് നാടൻപാട്ടുകൾ കൊണ്ട് സംഗീതമഴ പെയ്യിച്ചു.പാട്ടും കൊട്ടും കൊഴുത്തുകയറിയപ്പോൾ സദസിനും ഇമ്പമായി. വനിതാ പ്രവർത്തകരടക്കമുള്ളവർ കൈകൊട്ടിയും ചുവടുവച്ചും പാട്ടുസംഘത്തെ പ്രോത്സാഹിപ്പിച്ചു.

ഇതിനിടെ മന്ത്രിമാരായ ജി.സുധാകരനും ഡോ.തോമസ് ഐസക്കും എസ്. രാമചന്ദ്രൻപിള്ളയുമടക്കമുള്ളവർ വേദിയിലേക്ക് എത്തി. യെച്ചൂരി എത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.യെച്ചൂരിയെ മന്ത്രി ജി.സുധാകരൻ പൊന്നാട ചാർത്തി സ്വീകരിച്ചു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സാഹചര്യം മനസിലാക്കി ആരും ദീർഘമായ പ്രസംഗത്തിന് മുതിർന്നില്ല.