 ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്സികൾ ജനുവരി മുതൽ

ആലപ്പുഴ: കായലിൽ ചുറ്റിക്കറങ്ങാനും ഉൾനാടൻ മേഖലകളിലേക്കുള്ള അതിവേഗ യാത്രയ്ക്കുമായി ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്സി സർവീസുകൾ ജനുവരി ആദ്യവാരം മുതൽ ആരംഭിക്കും . ആദ്യ ഘട്ടത്തിൽ ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് വാട്ടർ ടാക്‌സിയുടെ ലക്ഷ്യമിടുന്നത്. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗത്തിലെത്താൻ വാട്ടർ ടാക്‌സികൾ സഹായിക്കും. ഒന്നരക്കോടി രൂപ മുടക്കിയാണ് രണ്ട് വാട്ടർ ടാക്‌സികളുടെ നിർമ്മാണം. ആലപ്പുഴയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും ആദ്യ സർവീസ്. തുടർന്ന് എറണാകുളത്തേക്കും വാട്ടർ ടാക്‌സി സേവനം വ്യാപിപ്പിക്കും. ഓൺലൈൻ ടാക്‌സി സംവിധാനത്തിന്റെ മാതൃകയിലായിരിക്കും സർവീസ്. പ്രത്യേക ഫോൺ നമ്പർ നൽകി അതിൽ ബന്ധപ്പെട്ടാൽ ആവശ്യമുള്ളിടത്ത് വാട്ടർ ടാക്‌സിയെത്തും. ദിവസ വാടകയ്ക്ക് സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്.

കായലോരങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ സർവിസ് ലഭ്യമാകും. വെനീസ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ സഞ്ചാരികളുടെ പ്രിയം പിടിച്ചു പറ്റിയ വാട്ടർ ടാക്‌സികളുടെ മോഡലാണ് ആലപ്പുഴയിലും പരീക്ഷിക്കുന്നത്.

1.5 കോടി : രണ്ട് വാട്ടർ ടാക്സികളുടെ നിർമ്മാണ ചെലവ്

10 : പത്തുപേർക്ക് ഒരേ സമയം യാത്ര ചെയ്യാം

 15 നോട്ടിക്കൽ മൈൽ വേഗത

സാധാരണ ബോട്ടുകളുടെ വേഗം 6 നോട്ടിക്കൽ മൈലാണെങ്കിൽ വാട്ടർ ടാക്‌സികൾ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കുതിക്കും. രാത്രി സേവനവും ലഭ്യമാണ്. വാട്ടർ ടാക്‌സിയുടെ 'മീറ്റർ ചാർജ്' സംബന്ധിച്ച് തീരുമാനം വന്നിട്ടില്ല. രണ്ട് അറകളുള്ള ബോട്ടുകളാണ് ഈ ടാക്‌സികൾ. സ്പീഡ് ബോട്ടുകളെപ്പോലെ കുലുക്കമില്ലാതെ സുഖകരമായി യാത്ര ചെയ്യാം. ജലഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം.

'' വാട്ടർ ടാക്സി ജനുവരി ആദ്യത്തോടെ സർവീസ് തുടങ്ങാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് ഒരുമണിക്കൂർ താഴെ സമയം കൊണ്ട് വാട്ടർ ടാക്‌സികളിൽ എത്താനാകും. സാധാരണ ബോട്ടിൽ ഈ ദൂരമെത്താൻ രണ്ട് മണിക്കൂർ എടുക്കും

ഷാജി.വി.നായർ,ജലഗതാഗത വകുപ്പ് ഡയറക്ടർ