ആലപ്പുഴ : സി.ഐ.ടി.യു പതിന്നാലാം സംസ്ഥാന സമ്മേളത്തിന് നാളെ ആലപ്പുഴയിൽ കൊടിയുയരും. സംഘടനയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 983 ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് 608 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തെ 1998 ലാണ് സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയായിട്ടുള്ളത്.
നാളെ രാവിലെ 10 ന് ഇ.എം.എസ് സ്റ്രേഡിയത്തിൽ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും.ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും.
വൈകിട്ട് 5 ന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ട്രേഡ് യൂണിയൻ സെമിനാർ തപൻ സെൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ആർ.ചന്ദ്രശേഖരൻ, കെ.പി.രാജേന്ദ്രൻ,എച്ച്.എം.എസ് മുൻ പ്രസിഡന്റ് എം.കെ.കണ്ണൻ, സോണിയ ജോർജ് , സി.ബി. ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.
18 ന് വൈകിട്ട് 5 ന് ടൗൺഹാളിൽ നടക്കുന്ന സാംസ്കാരിക സായാഹ്നം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. സുനിൽ.പി.ഇളയിടം, ആലങ്കോട് ലീലാകൃഷ്ണൻ,സി.എസ്.സുജാത തുടങ്ങിയവർ പങ്കെടുക്കും.19 നു വൈകിട്ട് 5 ന് ആലപ്പുഴ ബീച്ചിൽ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തപൻസെൻ, സി.ഐ.ടി.യു പ്രസിഡന്റ് ഡോ.കെ.ഹേമലത, എളമരം കരീം എം.പി, ആനത്തലവട്ടം ആനന്ദൻ, മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, ജി.സുധാകരൻ, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ,എ.എം.ആരിഫ് എം.പി തുടങ്ങിയവർ പ്രസംഗിക്കും.സമാപനത്തിനു മുന്നോടിയായി നടക്കുന്ന റാലിയിൽ ഒരുലക്ഷത്തോളം പേർ പങ്കെടുക്കും.
സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള , സ്വാഗതസംഘം ചെയർമാൻ ആർ.നാസർ,ജനറൽ കൺവീനർ പി.പി.ചിത്തരഞ്ജൻ,സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് എച്ച്.സലാം, സെക്രട്ടറി ഗാനകുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.