ആലപ്പുഴ: കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാൻ ഒരിക്കലും സാധിക്കില്ലെന്നും ലാഭത്തിലാക്കിയെന്ന മുൻ എം.ഡി ടോമിൻ.ജെ. തച്ചങ്കരിയുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ഇത്തരം ഭ്രാന്തന്മാരാണ് കോർപ്പറേഷനിൽ പ്രതിസന്ധിയുണ്ടാക്കുന്നതെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. തച്ചങ്കരി ശമ്പളം കൃത്യമായി കൊടുത്തു തുടങ്ങിയെന്നത് വാസ്തവമാണ്.എന്നാൽ ടയറും ഡീസലും വാങ്ങിയതിന്റെ പണം നൽകിയിട്ടില്ല. ജീവനക്കാരുടെ പി.എഫ് വിഹിതവും വായ്പാ തിരിച്ചടവും കൃത്യമായി അടച്ചില്ല. ഇതൊന്നും ചെയ്യാതെയാണ് ശമ്പളം നൽകിയത്. ഇത്തരം ഭ്രാന്തന്മാരാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് കരീം പറഞ്ഞു.
കെ.ടി.ഡി.എഫ്.സിയുടെ വായ്‌പയ്‌ക്ക് പലിശയായി 100 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി പ്രതിമാസം നൽകിയിരുന്നത്. ഈ വായ്പ ദേശസാൽകൃത ബാങ്കുകളിലേക്ക് മാറ്റി പലിശ ഇനത്തിൽ ലാഭിക്കുന്ന 60 കോടി കൊണ്ട് ജീവനക്കാരുടെ ശമ്പളം നൽകാമെന്നായിരുന്നു വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ ശുപാർശ. എന്നാൽ ഇങ്ങനെ ചെയ്തപ്പോൾ പലിശ ലാഭിച്ചത് 40 കോടിയായിരുന്നു. ബാക്കി പണം സർക്കാർ നൽകേണ്ടി വരുന്നു. സമിതിയുടെ കണക്കിലെ പിശകാണ് ഇത്. ജനസേവനമായതിനാൽ കെ.എസ്.ആർ.ടി.സിക്ക് ലാഭത്തിനായി മാത്രം സർവീസ് നടത്താനാവില്ല.
മുത്തൂറ്റിൽ വീണ്ടും സമരം
മുത്തൂറ്റ് ഫിനാൻസിന്റെ 43 ശാഖകളിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തിൽ ജനുവരി രണ്ട് മുതൽ അനിശ്ചിതകാല സമരം തുടങ്ങും. സ്ഥാപനത്തിന്റെ സംസ്ഥാനത്തെ ഒരു ശാഖകളും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എളമരം കരീം പറഞ്ഞു.