ആലപ്പുഴ: ഉന്നതവിദ്യാഭ്യാസ രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ ആഴത്തിലുള്ള പ്രവർത്തനം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.മറ്റുള്ളവർക്കൊപ്പം വളരാനും ഉയരാനും മത്സരബുദ്ധിയോടെയുള്ള പ്രവർത്തനം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ മെരിറ്റ് ഈവനിംഗ് സമ്മേളനം തോണ്ടൻകുളങ്ങര ഉടുപ്പി ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിൽമേഖലയിൽ ഈഴവസമുദായത്തിന് 14 ശതമാനം സംവരണമുണ്ടെങ്കിലും മെരിറ്റ് വിഭാഗത്തിൽ വെറും മൂന്ന് ശതമാനം തൊഴിലവസരങ്ങൾ മാത്രാണ് ലഭിച്ചിച്ചിട്ടുള്ളത്.സാമ്പത്തികമായി ഈഴവ സമുദായം വളരെ പിന്നിലാണ്.മറ്റുള്ളവരെ സംരക്ഷിക്കാൻ അവരുടെ സമുദായവും സമ്പത്തുമുണ്ട്.സാമൂഹ്യ നീതി നടപ്പായെങ്കിലേ സമുദായ നീതി നടപ്പാവൂ.വിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് അർഹമായത് ഒന്നും കിട്ടിയിട്ടില്ല. മഹാനായ ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കണ്ണൂർ മുതൽ തിരുവനന്തപുരം വരെ തീരമേഖലയിലാണ് എയ്ഡഡ് കോളേജുകൾ സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ വിദ്യാഭ്യാസ പുരോഗതി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹത്തിന് ബോദ്ധ്യമുണ്ടായിരുന്നു.എന്നാൽ ആർ.ശങ്കറിന് ശേഷം 55 വർഷത്തിനുള്ളിൽ സമുദായത്തിന് ലഭിച്ചത് വെറും മൂന്ന് കോളേജുകൾ മാത്രം.അതും ഇടതുപക്ഷ സർക്കാരിന്റെ ഭരണകാലത്ത് അന്തരിച്ച ബേബിജോൺ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ.
സ്കോളർഷിപ്പുകളുടെ കാര്യത്തിലും സമുദായം അവഗണിക്കപ്പെടുന്നു.മുന്നാക്ക വിഭാഗങ്ങൾക്ക് സ്കോളർഷിപ്പ് നൽകാൻ മുന്നാക്ക ക്ഷേമകോർപ്പറേഷനുണ്ട്.ആ വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് ആനുകൂല്യം കിട്ടിക്കോട്ടെ. എന്നാൽ ഈഴവസമുദായത്തിനും എന്തെങ്കിലും തരണ്ടേ. ഗുരുദേവന്റെ ദർശനം കൊണ്ടാണ് ഇങ്ങനെയൊക്കെയെങ്കിലും കഴിയാൻ സാധിക്കുന്നത്. ഗുരുദേവൻ നമുക്ക് ദൈവമാണ്. പ്രതിരോധങ്ങളെ മറികടക്കാനുള്ള പ്രേരക ശക്തിയായാണ് എസ്.എൻ.ഡി.പി യോഗം പ്രവർത്തിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിലെ പ്രതിഭകളെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി ആദരിച്ചു.പി.ജി.വിദ്യാർത്ഥികൾക്കുള്ള ആർ.ശങ്കർ മെമ്മോറിയൽ അവാർഡും ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള പി.കെ.മഹീധരൻ മെമ്മോറിയൽ അവാർഡും ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനും മെഡിക്കൽ വിഭാഗത്തിനുള്ള ഡോ.പല്പു മെമ്മോറിയൽ അവാർഡും എൻജിനിയറിംഗ് വിഭാഗത്തിനുള്ള കുമാരനാശാൻ മെമ്മോറിയൽ അവാർഡും ആലപ്പുഴ മെഡിക്കൽ കോളേജ് എ.ഒ പി.പ്രതാപനും പ്ളസ് ടു, വി.എച്ച്.എസ്.സി വിഭാഗത്തിൽനുള്ള അവാർഡ് സനാത ധർമ്മ വിദ്യാശാല സെക്രട്ടറി ആർ.കൃഷ്ണനും എസ്.എസ്.എൽ.സി , സി.ബി.എസ്.ഇ വിഭാഗത്തിനുള്ള അവാർഡ് മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാതിലകനും വിതരണം ചെയ്തു. ഡിഗ്രി, പ്ളസ് ടു വിദ്യാർത്ഥികൾക്കുള്ള സി.കെ.ഭൈരവൻ മെമ്മോറിയൽ സ്കോളർഷിപ്പ് വിതരണംവി.സബിൽരാജും എൻ.കെ.നാരായണൻ മെമ്മോറിയൽ വിദ്യാഭ്യാസ സഹായ വിതരണം ഡി.കബീർദാസും നിർവഹിച്ചു.
യോഗം ബോർഡ് അംഗങ്ങളായ പി.വി.സാനു,എ.കെ.രംഗരാജൻ, കെ.പി.പരീക്ഷിത്ത്,യൂണിയൻ കൗൺസിലർമാരായ എം.രാജേഷ്, സി.പി.രവീന്ദ്രൻ, വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ കെ.ഭാസി, കൺവീനർ വി.ആർ.വിദ്യാധരൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൽ.ഷാജി, ശ്രീനാരായണ എംപ്ളോയിസ് പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ് ടി.ആർ.ആസാദ്, യൂത്ത് മൂവ്മെന്റ് താലൂക്ക് കമ്മിറ്റി സെക്രട്ടറി രഞ്ജിത്ത്, വനിതാസംഘം താലൂക്ക് കമ്മിറ്റി സെക്രട്ടറി ഗീതാരാംദാസ്, എംപ്ളോയിസ് ഫോറം പ്രസിഡന്റ് കെ.പി.കലേഷ്, വൈദിക സമിതി സെക്രട്ടറി അനീഷ് ശാന്തി,മുനിസിപ്പൽ കൗൺസിലർ കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറഞ്ഞു.