ആലപ്പുഴ: ജില്ലയിലെ നിരത്തുകൾ വീണ്ടും കുരുതിക്കളങ്ങളാകുന്നു. ദേശീയപാതയിൽ ഇന്നലെ കളപ്പുരയിൽ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അച്ഛനും മകനും മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ജില്ലയിൽ 51 ബ്ലാക് സ്പോട്ടുകളിലായി ഇൗ വർഷം മാത്രം 865 അപകടങ്ങളിലൂടെ 111 പേർ മരിച്ചു. 1029 പേർക്ക് പരിക്കേറ്റു.
ഇരുചക്ര വാഹനങ്ങളിൽ അപകടങ്ങളിൽപ്പെട്ടവരിൽ ഏറെയും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവരാണ് . തലയ്ക്ക് പരിക്കേറ്റുള്ള മരണങ്ങളായിരുന്നു കൂടുതലും. അപകടങ്ങൾ കുറയ്ക്കാനായി 'ശുഭയാത്ര' കാമ്പയിൻ അടക്കമുള്ള പദ്ധതികൾ പൊലീസ് ആവിഷ്‌കരിച്ചിട്ടും എടുത്തു പറയത്തക്ക നേട്ടങ്ങളില്ല. പൊലീസിന്റെ നേതൃത്വത്തിൽ ചേർത്തല, കായംകുളം, രാമങ്കരി എന്നിവിടങ്ങളിൽ ചുക്ക് കാപ്പി വിതരണം ,ഹൈവേ ആക്ഷൻ കോഴ്‌സ് എന്നിവ നടത്തുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനാപകടം നടക്കുന്ന ജില്ലകളിൽ ഒന്നായി ആലപ്പുഴ മാറി.
മാരാരിക്കുളം, തുറവൂർ, കായംകുളം,ഹരിപ്പാട്,നൂറനാട് ഭാഗങ്ങളിലാണ് ഈ വർഷം ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടുള്ളത്.
....
# പാഴായ വാഗ്ദാനം
അമിത വേഗം പിടികൂടാൻ പൊലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രധാന നിരത്തുകളിൽ ആട്ടോമാറ്റിക് നമ്പർ ഡിറ്റക്ടിംഗ് മെഷീൻ സ്ഥാപിക്കുമെന്ന വാഗ്ദാനം പാഴ്വാക്കായി. ദേശീയപാതയിൽ 10 മെഷീനുകൾ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
.....................................................
അപകടങ്ങളുടെ പ്രധാന കാരണങ്ങൾ
# ദേശീയപാതയിൽ വെളിച്ചത്തിന്റെ അഭാവം
# ഡിവൈഡർ സംവിധാനം ഇല്ലായ്മ
# ഉറക്കം ഒഴിവാക്കിയുള്ള ഡ്രൈവിംഗ്
# അമിത വേഗം
# അശ്രദ്ധമായ ഡ്രൈവിംഗ്
# ട്രാഫിക് നിയമങ്ങളുടെ ലംഘനം
...........................................
50 ബ്ലാക് സ്പോട്ട് അപകടം
# അപകടം....... 865
# മരണം ...........111
# പരിക്ക് .......... 1092
..................................................................
'' അപകടത്തിലേക്ക് വഴിയൊരുക്കുന്നതിന്റെ പ്രധാന കാരണം നിയമലംഘനമാണ് . വാഹനങ്ങളുടെ അമിത വേഗമാണ് ഗുരുതരമായ മറ്റൊരു പ്രശ്‌നം. ആലപ്പുഴയിലെ റോഡ് സമനിരപ്പായതിനാൽ അമിത വേഗത പലപ്പോഴും നിയന്ത്രിക്കാൻ കഴിയില്ല. മദ്യപിച്ച് വാഹനമോടിച്ചതിന് ഇൗ വർഷം സെപ്തംബർ വരെ 8026 കേസുകളാണ് ഫയൽ ചെയ്തത്.
( കെ.എം.ടോമി, ജില്ലാ പൊലീസ് മേധാവി)