ആലപ്പുഴ:സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ പതാകയുയരും. സമ്മേളനത്തെ വരവേൽക്കാൻ കിഴക്കിന്റെ വെനീസ് ഒരുങ്ങിക്കഴിഞ്ഞു. 21 വർഷങ്ങൾക്ക് ശേഷം എത്തുന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ആലപ്പുഴ ജില്ല ചുവന്നു കഴിഞ്ഞു.

മൂന്ന് വേദികളിലായാണ് സമ്മേളനം. പൊതുസമ്മേളന വേദിയായി കെ.കെ.ചെല്ലപ്പൻ നഗറും (ആലപ്പുഴ കടപ്പുറം) പ്രതിനിധി സമ്മേളനത്തിന് മുഹമ്മദ് അമീൻ നഗറും (ഇ.എം.എസ് സ്​റ്റേഡിയം) ട്രേഡ് യൂണിയൻ സെമിനാറിന് പി.കെ. ചന്ദ്രാനന്ദൻ നഗറും (മുനിസിപ്പൽ ടൗൺ ഹാൾ) വേദിയാകും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം. പ്രചാരണത്തിന്റെ ആദ്യഘട്ടം മുതൽ പ്ലാസ്​റ്റിക് പൂർണമായും ഒഴിവാക്കി. തോരണങ്ങൾക്കും പ്രചാരണ ബോർഡുകൾക്കും തുണിയാണ് ഉപയോഗിച്ചിട്ടുള്ളത്. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷണം നൽകുന്നതും പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് ഭക്ഷ്യോത്പന്നങ്ങൾ ശേഖരിച്ചാണ് പ്രതിനിധികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. 800 ഓളം പേർക്ക് ഒരു നേരം ഭക്ഷണമൊരുക്കും. ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തിലാണ്.

വിപുലമായ തയ്യാറെടുപ്പുകളാണ് സ്വഗതസംഘം ചെയർമാൻ ആർ. നാസിറിന്റെയും കൺവീനർ പി.പി ചിത്തരഞ്ജന്റെയും നേതൃത്വത്തിൽ നടന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രാദേശികമായും സംഘാടക സമിതികൾക്ക് രൂപം നല്കി. 1
തൊഴിലാളികളിൽ നിന്നായി 32 ലക്ഷം രൂപയാണ് സമ്മേളന നടത്തിപ്പിനായി സമാഹരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആനത്തലവട്ടം ആനന്ദനും കെ.ജെ തോമസും ചേർന്ന് സമ്മേളന ഫണ്ട് ഏ​റ്റുവാങ്ങി.