cpm

ചേർത്തല:മകന്റെ വിവാഹ സത്കാരത്തിന് ഡി.ജെ.പാർട്ടിയുൾപ്പെടെ ആഡംബരങ്ങളൊരുക്കിയ സി.പി.എം നേതാവിന് സസ്പെൻഷൻ. കഞ്ഞിക്കുഴി ഏരിയ കമ്മി​റ്റി അംഗം ചേർത്തല തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ അരീപ്പറമ്പ് ചെത്തിക്കാട്ടുവെളി സി.വി.മനോഹരനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്തത്.ശനിയാഴ്ച വൈകിട്ട് അടിയന്തരമായി ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.മനോഹരനും യോഗത്തിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ 12ന് ചെങ്ങന്നൂരിലെ വധൂഗൃഹത്തിലായിരുന്നു വിവാഹം.13 നു വൈകിട്ട് മനോഹരന്റെ വീട്ടിൽ വിവാഹ സത്ക്കാരം ഒരുക്കിയിരുന്നു.വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ ലളിതമായി നടത്തണമെന്ന പാർട്ടി നയത്തിന് വിരുദ്ധമായി മകന്റെ വിവാഹസത്കാരം നടത്തിയതിനാണ് നടപടി.സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. മകനാണ് സത്കാരത്തിന്റെ കാര്യങ്ങളെല്ലാം ക്രമീകരിച്ചതെന്ന മനോഹരന്റെ വിശദീകരണം ഏരിയാ കമ്മിറ്റി തള്ളി.ഡി.ജെ.പാർട്ടിക്കിടെ യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായി ശനിയാഴ്ച അരീപ്പറമ്പിൽ യുവാവിനെ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു..കർഷക സംഘം ഏരിയ പ്രസിഡന്റു കൂടിയ മനോഹരൻ ചേർത്തല തെക്ക് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്.

ആഡംബരങ്ങൾ

 ഫോട്ടോ ഷൂട്ടിനായി വിദേശയാത്ര

 വധൂവരന്മാർക്ക് യാത്രയ്ക്ക് ബി.എം.ഡബ്ലിയു കാർ

 സത്കാരത്തിന് 1600 ച.മീ​റ്റർ പന്തൽ

 ഡി.ജെ. പാർട്ടിക്കായി എൽ.ഇ.ഡി വാൾ സഹിതം ഓപ്പൺ പന്തൽ

 വെടിക്കെട്ട്

'' ഇവന്റ് മാനേജ്‌മെന്റ് സംരംഭകനായ മകന്റെ തീരുമാനപ്രകാരമായിരുന്നു സത്കാരം.പന്തലും ഭക്ഷണവും മാത്രമായിരുന്നു എന്റെ ചെലവിൽ.പാർട്ടി എന്തു നടപടിയെടുത്താലും അതിനു വിധേയനായി പ്രവർത്തിക്കും.

സി.വി.മനോഹരൻ