ആലപ്പുഴ : ക്ഷേത്ര ദർശനത്തിനായി രാവിലെ വീട്ടിൽ നിന്ന് തനിക്കൊപ്പമിറങ്ങിയ ഭർത്താവും മകനും ഇനി മടങ്ങിവരില്ലെന്ന യാഥാർത്ഥ്യം വിശ്വസിക്കാനാകാതെ തേങ്ങുകയാണ് ഉഷ. ഉഷയുടെ ഭർത്താവ് പുന്നപ്ര വടക്കു പഞ്ചായത്ത് രണ്ടാം വാർഡിൽ നിലവീട്ടു വെളിയിൽ ബാബു ( 60 ), മകൻ അജിത് ബാബു (26) എന്നിവർ ഇന്നലെ ഉച്ചയ്ക്ക് കളപ്പുരയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

ഉഷയും ബാബുവും രണ്ട് ആൺമക്കളുമായി ഇന്നലെ രാവിലെ പറവൂരിലെ കുടുംബക്കാവിൽ ദർശനം നടത്തി. ഉച്ച ഭക്ഷണം കഴിഞ്ഞ് ഇളയ മകൻ അരുണിനൊപ്പം ഉഷ വീട്ടിലേക്ക് മടങ്ങി. ബാബുവും മൂത്തമകൻ അജിത്തും കുത്തിയതോട്ടിലെ കുടുംബയോഗ മീറ്റിംഗിൽ പങ്കെടുക്കാനായി പോയി. ഇത് ഇവരുടെ അന്ത്യയാത്രയാവുകയായിരുന്നു.

തലവടിയിലുള്ള യുവതിയുമായി അജിത് ബാബുവിന്റെ വിവാഹം അടുത്ത വർഷം ഏപ്രിൽ 5 ന് തീരുമാനിച്ചിരിക്കുകയായിരുന്നു. കല്യാണത്തിന് മുന്നോടിയായി എല്ലാ ബന്ധുക്കളെയും നേരിട്ട് കാണണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. മകന്റെ വിവാഹത്തിനായി കഴിഞ്ഞ ഒരു വർഷമായി കാത്തിരിപ്പിലായിരുന്നു ഉഷ. കഴിഞ്ഞ മാർച്ചിലാണ് വിവാഹം നിശ്ചയം നടന്നത്. അപകടം ഉച്ചയ്ക്ക് നടന്നെങ്കിലും ഇളയ മകൻ അരുൺ അമ്മയെ വിവരമൊന്നും അറിയിച്ചില്ല. അച്ഛനും ജ്യേഷ്ഠനും ചെറിയൊരപകടം നടന്നെന്ന് മാത്രം പറഞ്ഞു. എന്നാൽ,വൈകിട്ട് ആളുകൾ കൂടിയതോടെ ഉഷ ഭർത്താവിന്റെയും മകന്റെയും വിയോഗ വാർത്ത അറിഞ്ഞു. ബോധമറ്റു വീണ ഉഷയെ സമാധാനിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും വിഷമിച്ചു.

തിരുവനന്തപുരം ടെക്നോപാർക്കിൽ നാവിഗന്റ് കമ്പനിയിൽ ജോലി നോക്കുന്ന അജിത് ശനിയാഴ്ച രാത്രിയോടെയാണ് വാടയ്ക്കലിലെ വീട്ടിലെത്തിയത്..