മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിലെ നവജ്യോതി മോംസ് സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ 18 വരെ പുതിയകാവ് സെന്റ് മേരീസ് ഹാളിൽ കേക്ക് മേള സംഘടിപ്പിക്കും. വൈകിട്ട് 3 മുതൽ 8 വരെയാണ് മേള. ഇന്ന് വൈകിട്ട് 3ന് നവജ്യോതി മോംസ് കേന്ദ്ര പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മേള ഉദ്ഘാടനം ചെയ്യും. ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ നവജ്യോതി മോംസ് യൂണിറ്റ് അംഗങ്ങൾ വീടുകളിൽ നിർമിക്കുന്ന കേക്കാണ് മേളയിൽ വിപണനത്തിന് എത്തിക്കുന്നത്. ലാഭവിഹിതം ചികിത്സ, വിദ്യാഭ്യാസ ധനസഹായമായി നൽകാനാണ് ലക്ഷ്യമിടുന്നതെന്നു നവജ്യോതി മോംസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോർജ്, ഡയറക്ടർ അനി വർഗീസ് എന്നിവർ അറിയിച്ചു. കേന്ദ്ര ട്രഷറർ സജി ജേക്കബ്, ഭദ്രാസന അനിമേറ്റർ ജോയ്സ് തോമസ്, ട്രഷറർ റീറ്റ മനു എന്നിവരാണു നേതൃത്വം നൽകുന്നത്.