അമ്പലപ്പുഴ: ആലപ്പുഴ മെഡിൽ കോളേജ് ആശുപത്രി കാന്റീനിൽ നിന്ന് വാങ്ങിയ അപ്പത്തിൽ വെന്തഴുകിയ ചെവിപ്പാമ്പിനെ കണ്ടെത്തി. നാലിഞ്ചോളം നീളമുള്ള ചെവിപ്പാമ്പിനെയാണ് ഭക്ഷണത്തിൽ നിന്നും കണ്ടെത്തിയത്. അർത്തുങ്കൽ കുടിയാശേരി വീട്ടിൽ ഔസേപ്പ് ഇന്നലെ രാവിലെ കാന്റീനിൽ നിന്നും അപ്പവും മുട്ടക്കറിയും ചമ്മന്തിയും പൊതിഞ്ഞു വാങ്ങി. 18-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ജൈനമ്മക്കുള്ള ഭക്ഷണമാണ് വാങ്ങിയത്. ഭക്ഷണം കഴിക്കാനായി പൊതി തുറന്നപ്പോഴാണ് അപ്പത്തിൽ വെന്തഴുകിയ ചെവി പാമ്പിനെ കണ്ടത്. ഉടൻ തന്നെ ഭക്ഷണപ്പൊതി സൂപ്രണ്ടിന്റെ ഓഫീസിൽ പരാതിയോടൊപ്പം കൈമാറി.
ആരോഗ്യ വകുപ്പ് ജീവനക്കാർ പല പ്രാവശ്യം കാന്റീനിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചതാണ് . മുമ്പും പല പ്രാവശ്യം ആഹാര ഭക്ഷണത്തിൽ നിന്നും വെന്തഴുകിയ ജീവികളെ കണ്ടെത്തിയിട്ടുണ്ട്. വൃത്തിഹീനമായ നിലയിലാണ് കാന്റീന്റെ പ്രവർത്തനം നടത്തി വരുന്നതെന്ന ആരോപണം ശക്തമായിട്ടുണ്ട്. കാന്റീൻ പരിസരത്ത് മലിനജലം കെട്ടിക്കിടന്ന് വൃത്തിഹീനമായതിനെ തുടർന്ന് പലതവണ ആരോഗ്യ വകുപ്പ് കാന്റീന്റെ പ്രവർത്തനം നിർത്തി വച്ചിട്ടുള്ളതാണ്.
കാലാവധി അധികൃതർ നീട്ടി നൽകി
കാലാവധി തീർന്ന കാന്റീന് പ്രവർത്തിക്കാനുള്ള അനുമതി നീട്ടി നൽകുകയായിരുന്നു അധികൃതർ. ഇതിൽ അധികൃതർക്കെതിരെ ആക്ഷേപം ശക്തമാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന ആരോപണം നിലനിൽക്കെയാണ്
തികച്ചും വൃത്തിഹീനമായ സാഹചര്യത്തിൽ കാന്റീൻ നടത്തുന്നത്.