ചാരുംമൂട്: മജെസ്റ്റിക് സെന്ററിൽ നടന്നുവരുന്ന ഓണാട്ടുകര കാർഷികോത്സവ നഗരിയിൽ ജനത്തിരക്കേറുന്നു. കാർഷിക പ്രദർശന വിപണനമുൾപ്പെടെ നൂറോളം സ്റ്റാളുകളാണ് മേളയിലുള്ള്. വ്യത്യസ്ത രൂചിക്കൂട്ടുകളുമായി കുടുംബശ്രീ യൂണിറ്റുകൾ ഉൾപ്പെടെ തയ്യാറാക്കിയിട്ടുള്ള വിവിധയിനം അച്ചാറുകൾ മേളയുടെ പ്രത്യേകതയാണ്. പച്ചക്കറിവിത്തുകൾ, പൂച്ചെടികൾ, പഴവർഗ്ഗ തൈകൾ, ഫലവൃക്ഷത്തൈകൾ, കാർഷികോപകരണങ്ങൾ, കയർ - ചണം ഉല്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, വാട്ടർ പ്യൂരിഫയർ, പുസ്തക മേള, മിഠായികൾ, ചക്ക ഉല്പന്നങ്ങൾ, ഇലക്ട്രിക് സാധനങ്ങൾ മുതലായവയുടെ സ്റ്റാളുകളൂം മേളയിലുണ്ട്.
ഇന്നലെ രാവിലെ നടന്ന കാർഷിക പ്രശ്നോത്തരി കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റോന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ മധു അദ്ധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 8ന് വള്ളികുന്നം ക്ഷീരോല്പാദക സഹകരണ സംഘത്തിൽ കന്നുകാലി പ്രദർശനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് കാർഷികോത്സവ വേദിയിൽ നിർമ്മലം - പരിസരം പരിപാടി സംഘാടക സമിതി രക്ഷാധികാരി ജി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. 3 -30 ന് നടക്കുന്ന കാർഷിക വിജ്ഞാന സദസിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിക്കും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് യോഗാ പ്രദർശനം, 7ന് മാജിക് ഷോയും നടക്കും.
കൗതുകമായി തത്സമയ കാർഷിക കുസൃതി മത്സരങ്ങൾ
ചാരുംമൂട്: കാർഷികോത്സവ വേദിയിലെ തത്സമയ കാർഷിക കുസൃതി മത്സരങ്ങൾ ശ്രദ്ധേയമായി.
ഓലമടയൽ, വല്ലം,മാക്കൊട്ട, ഓലപ്പന്ത് നിർമ്മാണം എന്നീ കുസൃതി മത്സരങ്ങളാണ് നടന്നത്. പ്രദർശന നഗരിയിലെത്തുന്നവരിൽ നിന്ന് താത്പര്യപൂർവ്വമെത്തുന്നവരാണ് മത്സരാർത്ഥികൾ. കർഷകർ, തൊഴിലാളികൾ, വീട്ടമ്മമാർ, യുവാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ മത്സരങ്ങളിൽ പങ്കാളികളായി.
ഓലമടയൽ, വല്ലം നിർമ്മാണം എന്നിവയിൽ രണ്ടാം സ്ഥാനം നേടി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സുമയും കാണികളുടെ കയ്യടി നേടിയിരുന്നു.
വിജയികൾക്കുള്ള സമ്മാനങ്ങളും തത്സമയം തന്നെ വിതരണം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്.
നിറങ്ങളിൽ ചാലിച്ച ചുമർചിത്രരചന
ചാരുംമൂട്: വരകളും വർണ്ണങ്ങളും കൊണ്ട് കാർഷികോത്സവ വേദിയെ സമ്പന്നമാക്കി കലാകാരൻമാരായ യുവാക്കളും, വിദ്യാർത്ഥികളും.
ഓണാട്ടുകരയുടെ സാംസ്കാരിക പൈതൃകത്തെ ആധാരമാക്കി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരൻമാരാണ് നിറങ്ങളിൽ ചാലിച്ച ചുമർചിത്രം സമ്മാനിച്ചത്.
ഓണാട്ടുകരയുടെ സംസ്കാരവും കാർഷിക വിഭവങ്ങളും ഉത്സവ കാഴ്ചകളും നാടൻ കലകളുമെല്ലാം നിഴലിച്ചതായിരുന്നു ഇവർ ഒരുക്കിയ ചുമർചിത്രം