ആലപ്പുഴ: ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിനും ജൈവവളം ലഭിക്കുന്നതിനും ഉതകുന്ന ബയോഗ്യാസ് പ്ലാന്റുകൾ നിർമ്മിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കൃഷിവകുപ്പ് മുഖേന സബ്‌സിഡി നൽകും. അടുക്കള മാലിന്യങ്ങൾ ഉൾപ്പെടെയുളളവ സംസ്‌കരിച്ച് ഊർജവും ജൈവവളവും ആക്കി മാറ്റാം. വിവിധ വലുപ്പത്തിലുളള യൂണിറ്റ് നിർമ്മാണത്തിന് കേന്ദ്ര സബ്‌സിഡിയായി 7500, 12000 രൂപ ലഭിക്കും. പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം 10000 രൂപയും 13000 രൂപയുമാണ്. സംസ്ഥാന വിഹിതമായി വിവിധതരം വലുപ്പത്തിന് പൊതുവിഭാഗത്തിൽ 8000 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 9000 രൂപയും ഒരുപ്ലാന്റിൻമേൽ ലഭിക്കും. പ്ലാന്റുകളുടെ നിർമ്മാണത്തിന് അംഗീകൃത ഏജന്റുകളുടെ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുളള കൃഷിഭവനുമായി ബന്ധപ്പെടണം.