അമ്പലപ്പുഴ : നാടിനു പേരുദോഷമായി മാറിയ ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് വീണ്ടും പൊട്ടി. നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനെപ്പറ്റിയുള്ള നടപടികൾ തീരുമാനമാകാതെ നീണ്ടു പോകുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം കരുമാടി കളത്തിൽപ്പാലം സെന്റ് ജോസഫ് പള്ളിക്കു സമീപം പൈപ്പ് പൊട്ടിയത്. പദ്ധതിയിലെ പൈപ്പ് മൂന്ന് വർഷത്തിനുള്ളിൽ 44ാം തവണയാണ് പൊട്ടുന്നത്.

കടപ്രയിൽ നിന്ന് കരുമാടിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് പതിവായി പൊട്ടുന്നത്. എന്നാൽ, ഇന്നലെ പൊട്ടിയത് ശുദ്ധീകരണശാലയിൽ നിന്നും വെള്ളം നഗരത്തിലേക്ക് വിതരണത്തിനായി എത്തിക്കുന്ന പൈപ്പാണ്.

പ്ളാന്റിൽ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തി കുറച്ചതിനാൽ പൊട്ടിയ ഭാഗത്തുകൂടെ അമിതമായി വെള്ളം പാഴാകുന്നില്ല. എന്നാൽ ഭാരം വഹിച്ചുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് ഇടിയാൻ സാദ്ധ്യതയുണ്ട് . അടിക്കടിയുണ്ടാകുന്ന പൈപ്പ് പൊട്ടലിനെത്തുടർന്ന്, പുനർനിർമ്മിച്ച അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയും അലങ്കോലമായിരുന്നു. പൈപ്പിന്റെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ചാണ് റോഡ് മോശമായത്. ഈ മാസം അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയുടെ ഉദ്ഘാടനം നടക്കാനിരിക്കെ ഉണ്ടായ പൈപ്പ് പൊട്ടൽ പൊതുമരാമത്ത് വകുപ്പിന് കൂടുതൽ തലവേദനയാകും. നിലവാരമില്ലാത്ത പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ രണ്ട് തട്ടിലായിരുന്നു.

ഇതേത്തുടർന്ന് യോഗം തീരുമാനമാകാതെ പിരിഞ്ഞു.