വള്ളികുന്നം: തകർന്ന് തരിപ്പണമായ ചൂനാട് വടക്കേ ജംഗ്ഷൻ കണ്ണനാകുഴി റോഡിന്റെ കാര്യം പറയണ്ട. റോഡ് ഉണ്ടാക്കുന്ന ദുരിതത്തിനുപുറമെയാണ് റോഡിന്റെ ഒത്ത നടുവിലായിനിൽക്കുന്ന വൈദ്യുത പോസ്റ്റ്.
ചൂനാട് വടക്കേ ജംഗ്ഷൻ കണ്ണനാകുഴി റോഡിൽ ചരോൾ ജംഗ്ഷന് സമീപം കൊടുംവളവിലായാണ് വൈദ്യുത പോസ്റ്റ് നിൽക്കുന്നത്. ഇലവൻ കെ.വി ലൈനുൾപ്പടെ കടന്നു പോകുന്ന വള്ളികുന്നം വൈദ്യുത സെക്ഷൻ പരിധിയിൽ ചുനാട് ഫീഡറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതു വഴി കടന്നു പോകുന്ന വാഹനങ്ങൾ പോസ്റ്റിലിടിച്ച് അപകടങ്ങൾ പതിവായതോടെ ഇത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. തകർന്ന് തരിപ്പണമായ റോഡിൽ മഴ പെയ്ത് റോഡ് ചെളിക്കുളമാകുന്നതോടെ അപകടം കൂടുന്നു. ഇങ്ങനെ വാഹനങ്ങൾ നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്.
വൻ ദുരന്തം ഒഴിവാകാൻ...
എതിർ ദിശയിൽ നിന്നും വാഹനത്തിന് സൈഡ് കൊടുത്ത സ്‌കൂട്ടർ യാത്രക്കാരൻ വൈദ്യുത തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റത് അടുത്തിടെയാണ്. രാത്രി കാലങ്ങളിൽ പ്രദേശത്തെ വെളിച്ചക്കുറവും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. വാഹനങ്ങൾ വൈദ്യുത പോസ്റ്റിലിടിച്ച് വൻ ദുരന്തം ഉണ്ടാകും മുമ്പേ തിരക്കേറിയ റോഡിന്റെ വളവിൽ നടുവിലായി നിൽക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കണ്ണൊന്ന് തെറ്റിയാൽ കൊടുംവളവിൽ നിൽക്കുന്ന വൈദ്യുത തൂണിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് പതിവാണ്. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയായില്ല.
സംറൂദ് നാട്ടുകാരൻ