ആലപ്പുഴ : ഒരു ഇടവേളയ്ക്ക് ശേഷം നഗരത്തിലും പരിസരങ്ങളിലും ഗുണ്ടകൾ തലപൊക്കിയത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ മൂന്ന്കേസുകളിലായി നാലു പേരാണ് നഗരത്തിലും പരിസരത്തുമായി കൊല്ലപ്പെട്ടത്. തുമ്പോളിയിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ ആറംഗസംഘം കൊലപ്പെടുത്തിയതാണ് ഒടുവിലത്തെ സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനു പിന്നിൽ. പറവൂരിൽ കാകൻ മനു എന്ന യുവാവിനെ കൊലപ്പെടുത്തിയതും തിരുവമ്പാടിയിൽ വീട്ടിൽ മേരി ജാക്വലിൻ എന്ന സ്ത്രീ കൊല്ലപ്പട്ടതുമാണ് മറ്റ് രണ്ട് സംഭവങ്ങൾ. കാകൻ മനുവിന്റെ കൊലപാതകത്തിനു പിന്നിലും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മുൻവൈരാഗ്യമായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ഞായറാഴ്ച രാത്രി വികാസ്,ജസ്റ്റിൻ സോനു എന്നിവർ തുമ്പോളി പള്ളി സെമിത്തേരിക്ക് സമീപം കുത്തേറ്റു മരിച്ചത്.
മേരി ജാക്വലിനെയും കാകൻ മനുവിനെയും കൊലപ്പടുത്തിയ സംഭവത്തിന് ദൃക്സാക്ഷികൾ ഇല്ലായിരുന്നെങ്കിലും പൊലീസിന്റെ കൃത്യമായ അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നു. സി.സി.ടി വി ക്യാമറയും സൈബർ സെല്ലിന്റെ സഹായവുമാണ് ഇരുകേസുകളിലെയും പ്രതികളെ കുടുക്കാൻ സഹായകമായത്.
അന്നേ കുറിച്ചു, ഞായറാഴ്ച നടപ്പാക്കി
2015ൽ ജൂണിൽ തീർത്ഥശേരി ഷാപ്പിൽ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് തുമ്പോളി പള്ളിക്കു പടിഞ്ഞാറ് ഭാഗത്തുള്ള സാബു(കൊച്ചുകുട്ടൻ) എന്ന യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളാണ് തുമ്പോളിയിൽ കഴ്രഞ്ഞ ദിവസം കുത്തേറ്റ് മരിച്ച വികാസും ജസ്റ്റിൻ സോനുവും. ഷാപ്പിൽ തൊട്ടു നക്കാൻ മീൻചാറ് നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് സാബുവിന്റെ കൊലപാതകത്തിൽ കലാശിച്ചത്. സാബുവിനെ കൊലപ്പെടുത്തിയവരെ ഇല്ലാതാക്കാൻ കൂട്ടാളികൾ അന്നേ പദ്ധതി തയ്യാറാക്കിയിരുന്നു. ഞായറാഴ്ച തുമ്പോളി പള്ളിയിലെ പെരുന്നാൾ ദിനത്തിൽ സാബുവിന്റെ സംഘം കൊലപാതകം നടത്തുകയായിരുന്നു.
ആവശ്യത്തിനു പൊലീസില്ല
മിക്ക സ്റ്റേഷനുകളിലും പൊലീസിന്റെ അംഗബലം കുറവാണ്. നഗരത്തിൽ നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരില്ല. നോർത്ത് സ്റ്റേഷനിൽ നിലവിൽ 10പൊലീസുകാരുടെ കുറവ് ഉണ്ട്. ഇതിന് പുറമേ ഡെപ്യൂട്ടേഷനിൽ പോയത് 11പൊലീസുകാർ. സർജനോടൊപ്പം ഒന്ന്, ഡിവൈ എസ്.പിയുടെ സ്ക്വാഡിൽ നാല്, സ്ഥലംമാറി നിയമിച്ചെങ്കിലും ഹാജരാകാത്തവർ ആറ് എന്നിങ്ങനെയാണ് ഇവരുടെ കണക്കുകൾ. .ഫലത്തിൽ 21പൊലീസുകാരുടെ കുറവ് മൊത്തത്തിലുണ്ട്. ഒരു വർഷത്തിനുള്ളിൽ 790കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. ജോലിഭാരം കൂടുതലായതിനാൽ നോർത്തിൽ ജോലിനോക്കാൻ പൊലീസുകാർക്ക് മടിയാണ്.
2019 ജനുവരി മുതൽ ഇന്നലെ വരെയുള്ള കേസുകൾ
കൊലപാതകക്കേസുകൾ ........21
മരിച്ചവർ.............23
പ്രതികൾ................58
അറസ്റ്റിലായവർ...........55
അടിപിടി കേസുകൾ.......327
പ്രതികൾ...........1723
അറസ്റ്റ് .........1608
"ദൃക്സാക്ഷികൾ ഇല്ലാതിരുന്നിട്ടും പലകേസുകളിലും പൊലീസിന്റെ ദിശാബോധത്തോടെയുള്ള അന്വേഷണത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യാൻ കഴിഞ്ഞിരുന്നു, വെൺമണി ഇരട്ടക്കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെടാൻ നടത്തിയ ശ്രമം പൊലീസ് പൊളിക്കുകയായിരുന്നു. ഗുണ്ടകൾ തമ്മിലുള്ള പോരും കുടുംബതർക്കവുമാണ് കൂടുതലും കൊലപാതകങ്ങൾക്കു പിന്നിൽ
കെ.എം.ടോമി ജില്ലാ പൊലീസ് മേധാവി.