s

കുട്ടനാട് : നീരൊഴുക്കു നിലച്ച എ.സി കനാലിനെ വീർപ്പുമുട്ടിച്ച് കടകൽ പുല്ലു വളരുന്നു. കനാലിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയതും നാട്ടുകാരെ ആശങ്കയിലാക്കുന്നു.

ചങ്ങനാശ്ശേരി മനയ്ക്കച്ചിറമുതൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപത്തെ പെട്രോൾ പമ്പുവരെയുള്ള മുഴുവൻ ഭാഗത്തും ഒരാൾപൊക്കത്തിൽ വളർന്ന കടകലും മറ്റു പുല്ലുകളും കനാലിന്റെ നിലനിൽപ്പിന് പോലും ഭീഷണിയാണ്..വർഷങ്ങൾക്ക് മുമ്പ് കുട്ടനാട് പാക്കേജിൽപ്പെടുത്തി കനാൽ നവീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി എ.സി റോഡരികിലെ പെട്ടിക്കടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്കാണ് അധികൃതർ മുൻതൂക്കം നൽകിയത്.

ചെറുകിട കച്ചവടക്കാരുടെ ഭാഗത്തുനിന്നുംവ്യാപക പ്രതിഷേധമുയരുന്നതിനും പിന്നീട് കനാൽനവീകരണംതന്നെ അട്ടിമറിക്കപ്പെടുന്നതിനും ഇത് കാരണമായി. തുടർന്ന് പദ്ധതി തന്നെ ഉപേക്ഷിച്ചു. പെരുന്ന മുതൽ ഒന്നാങ്കര വരെ നീളുന്ന കനാൽ നെടുമുടി-പള്ളാത്തുരുത്തി ആറ്റിലേക്ക് തുറക്കണമെന്ന പ്രധാന ലക്ഷ്യവുംഇതോടെ അട്ടിമറിക്കപ്പെട്ടു. ഇതിനിടെ കനാലിന്റെ ആഴംകൂട്ടിയതിന്റെ പേരിൽ ലക്ഷങ്ങൾ പാഴാക്കുകയുംചെയ്തു. ചങ്ങനാശ്ശേരി നഗരസഭാതിർത്തിക്കും പുറത്തുനിന്നുമുള്ള പ്രദേശങ്ങളിലെ മാലിന്യംകൂടി അടിയാൻ തുടങ്ങിയതോടെ പാരിസ്ഥിതിക പ്രശ്‌നങ്ങളാൽവീർപ്പുമുട്ടുകയാണ് ഈ കനാൽ. കനാലിന്റെ ഇരുകരകളിലുമായി താമസിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങൾക്ക് പലതരത്തിലുള്ള അസുഖങ്ങൾ ബാധിക്കുന്നു.