മംഗലത്തെ സ്മാർട്ട് വാട്ടർ എ.ടി.എം പ്രവർത്തിക്കാതായിട്ട് മാസങ്ങൾ
ഹരിപ്പാട് : തീരദേശമേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന മംഗലത്തെ സ്മാർട്ട് വാട്ടർ എ.ടി.എം നോക്കുകുത്തിയായി മാറി. ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് 2017- 18 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൽപ്പെടുത്തിയാണ് മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വര ക്ഷേത്രപരിസരത്ത് പദ്ധതി ആരംഭിച്ചത് . ഉദ്ഘാടന ശേഷം കുറച്ച് നാളുകൾ മാത്രമാണ് വാട്ടർ എ.ടി.എം പ്രവർത്തിച്ചത്. ഒരു രൂപ നാണയമിട്ടാൽ ഒരുലിറ്റർ വെള്ളവും രണ്ടു രൂപയ്ക്ക് അഞ്ചു ലിറ്റർ വെള്ളവും ലഭിക്കും എന്നതായിരുന്നു പ്രത്യേകത. നാണയമിട്ട് കൗണ്ടറിൽ പാത്രം വച്ച് സ്വിച്ച് അമർത്തിയാൽ നിശ്ചിത അളവിൽ വെള്ളം ലഭിക്കും. കൊച്ചി ആസ്ഥാനമായ ഫ്ലോമാക്സ് എന്ന സ്ഥാപനമാണ് ഇത് സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം സാങ്കേതികവിദ്യ ആദ്യമായിട്ടാണ് നടപ്പാക്കിയതെന്ന് അന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞിരുന്നു. ഇത് പ്രവർത്തിക്കാതായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണി നടത്താൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. മംഗലം ഗവ.ഹയർസെക്കൻഡറി സ്കൂൾ, മംഗലം ഗവ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും, നാട്ടുകാർക്കും ഏറെ പ്രയോജനകാരമായിരുന്ന വാട്ടർ എ.റ്റി.എം. അധികാരികൾ ഇടപെട്ട് അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്നാണ് ആവശ്യം
.
സ്മാർട്ട് എ.ടി.എം
ഒരു രൂപ നാണയമിട്ടാൽ ഒരുലിറ്റർ വെള്ളം
രണ്ടു രൂപയ്ക്ക് അഞ്ചു ലിറ്റർ വെള്ളം
സ്മാർട്ട് കാർഡ് ഉപയോഗിച്ചും വെള്ളമെടുക്കാം
7: ഏഴുലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്
''കോടികൾ മുടക്കി നിർമ്മിച്ച വാട്ടർ എ.ടി.എം തീരദേശ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുന്ന ഒരു പദ്ധതിയായിരുന്നു. എന്നാൽ, ഇത് പ്രവർത്തന ക്ഷമമാക്കാൻ നാളിതുവരെയും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല.
- (എം.ദീപക്, പൊതുപ്രവർത്തകൻ)