 അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നില്ല

ആലപ്പുഴ : റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ യഥാസമയം മുറിച്ചു മാറ്റാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. ദേശീയപാതയുടെയും പി.ഡബ്ള്യു.ഡിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റോഡുകളുടെയും ഓരത്തായി നിരവധി മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. കാറ്റ് ആഞ്ഞുവീശിയാൽ ഭീതിയോടെയാണ് ഇതുവഴി യാത്രക്കാർ കടന്നുപോവുക. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പക്കി ജംഗ്ഷനിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.

കാലവർഷത്തോടനുബന്ധിച്ചേ ഇനി മരം മുറിക്കുകയുള്ളൂ എന്ന നിലപാടിലാണ് അധികൃതർ. കഴിഞ്ഞ കാലവർഷത്തിന് മുന്നോടിയായി, അപകട ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങളുടെ ചില്ല മാത്രമേ വെട്ടിയിരുന്നുള്ളൂ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ മുൻകൈയെടുക്കേണ്ടതാണ് അതാത് സഥാപനങ്ങളാണ്. മുൻകാലങ്ങളിൽ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. അനുമതി കിട്ടാനുള്ള താമസമായിരുന്നു മരങ്ങൾ മുറിച്ചു മാറ്റാൻ താമസം നേരിട്ടിരുന്നതിനു കാരണം. എന്നാൽ, കഴിഞ്ഞ വർഷം മുതൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിൽ തീരുമാനമെടുക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിരുന്നു. മുറിച്ചുമാറ്റേണ്ട മരത്തിന്റെ വിലയിടുന്നതിന് വനംവകുപ്പിൽ അപേക്ഷ നൽകിയാൽ ഉടൻ നടപടി പൂർത്തിയാക്കി അനുമതി നൽകും. കഴിഞ്ഞ കാലവർഷത്തിനു മുന്നോടിയായി ജില്ലയിലെ ചില സ്‌കൂളുകൾ മാത്രമാണ് മരം മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് ഓഫീസിൽ അപേക്ഷ നൽകിയത്.

മരങ്ങൾ മുറിച്ചു മാറ്റാൻ

 അപകടകരമായ സാഹചര്യത്തിലുള്ള മരങ്ങൾ ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് ബാദ്ധ്യതയുണ്ട്.

 തദ്ദേശ സ്ഥാപനങ്ങൾ അപേക്ഷ നൽകിയാൽ സോഷ്യൽ ഫോറസ്ട്രി വിഭാഗം വേട്ടേണ്ട മരത്തിന്റെ വിലയിട്ടു നൽകും

 വിലയിട്ടു നൽകിയാലുടൻ മരങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾക്ക് വെട്ടിമാറ്റാം

മരം ചുറ്റി ടാറിംഗ്

റോഡുകൾ വീതി കൂട്ടുമ്പോൾ മരങ്ങൾ നിലനിറുത്തി കൊണ്ട് , മരത്തിൻെ ചുറ്റു ഭാഗത്തുമുള്ള മണ്ണ് നീക്കം ചെയ്യാറുണ്ട്. ഇത് അപകടകരമാണ്. ചെറിയകാറ്റ് അടിച്ചാൽ പോലും ഇത്തരം മരങ്ങൾ വീഴാൻ സാദ്ധ്യതയുണ്ട്. മരങ്ങൾക്ക് സമീപം വൈദ്യുതി ലൈനുകളുണ്ടെങ്കിൽ അപകടം വർദ്ധിക്കും.


'' തങ്ങളുടെ പരിധിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ വർഷം മുതൽ അനുമതി നൽകിയിട്ടുണ്ട്. മരങ്ങളുടെ വിലയിടുന്നതിന് വനംവകുപ്പ് ഓഫീസിൽ അപേക്ഷ നൽകിയാൻ ഉടൻ വിലയിട്ടു നൽകുന്നുണ്ട് നഗരത്തിലെ കനാൽക്കരയിൽ അപകടാവസ്ഥയിൽ നിൽകുന്നതും വീണുകിടക്കുന്നതുമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അനുമതി നൽകിയിരുന്നു.
(സോഷ്യൽ ഫോറസ്ട്രി ഓഫീസ്, ആലപ്പുഴ)


'' മഴക്കാലമല്ലെങ്കിലും ഇടയ്ക്ക് ശക്തമായി പെയ്യുന്ന മഴയിലും കാറ്റിലും വഴിയോരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ ഭീഷണി ഉയർത്തുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ ദേശീയപാതയിലുൾപ്പെടെ മരം കടപുഴകി വീണിരുന്നു. അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഇത് ഭാഗികമായേ നടപ്പായിട്ടുള്ളൂ.

(അഗ്നിശമനസേന അധികൃതർ)