ആലപ്പുഴ:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളെ അണിനിരത്തിയുള്ള ശക്തമായ സമരങ്ങൾ അനിവാര്യമാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. സി.ഐ.ടി.യു 14-ാം സംസ്ഥാന സമ്മേളനം ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ പോലും ഇല്ലായ്മ ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടുകളെ ചെറുക്കാൻ യോജിച്ച പ്രക്ഷോഭം വേണം.ലോക് സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയെപ്പോലും മാറ്റിമറിക്കാനുള്ള കാടത്ത നടപടികൾക്കെതിരെ സമസ്ത മേഖലയിലെയും ജനങ്ങൾ സമരത്തിന്റെ പാതയിലാണ്.. സാമ്പത്തിക,രാഷ്ട്രീയ മേഖലകളിൽ വലതുപക്ഷ ശക്തികളുടെ ഇടപെടൽ വർദ്ധിക്കുന്നു. തൊഴിൽ നിയമങ്ങളെപ്പോലും ഇല്ലാതാക്കുന്നു. കുത്തകകൾക്ക് ദാസ്യപ്പണി ചെയ്യുന്ന സർക്കാരാണ് കേന്ദ്രഭരണം കൈയാളുന്നത്. കോടികളുടെ നികുതിയാണ് കുത്തക മുതലാളിമാർക്കായി കേന്ദ്രം ഉപേക്ഷിച്ചത്. ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ കോർപ്പറേറ്റുകൾക്കായി തീറെഴുതുന്നു. തന്ത്രപ്രധാനമായ പ്രതിരോധ സംരംഭങ്ങളെപ്പോലും വിറ്റു തുലയ്ക്കുന്നു. . കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനുവരി എട്ടിന് ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് ചരിത്ര സംഭവമാവുമെന്നും തപൻസെൻ പറഞ്ഞു.
സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ. ഐ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ ഐ. എൻ.ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു .സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ ആർ.നാസർ സ്വാഗതവും പി.ഗാനകുമാർ നന്ദിയും പറഞ്ഞു.രാവിലെ, സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.