 മണ്ണഞ്ചേരിയിലും പൂച്ചാക്കലിലും കല്ലേറ് 122 പേരെ കരുതൽ തടങ്കലിലാക്കി.

ആലപ്പുഴ: പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഏറെക്കുറെ പൂർണ്ണമായിരുന്നു.കാര്യമായ അനിഷ്ട സംഭവങ്ങളുണ്ടായില്ല. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.സർക്കാർ ഓഫീസുകളിൽ ഹാജർ നില നന്നെ കുറഞ്ഞു.കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ടാക്സി വാഹനങ്ങളും ഓടിയില്ല.

മണ്ണഞ്ചേരി, പൂച്ചാക്കൽ ഭാഗങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ലജനത്ത് സ്കൂളിന് മുന്നിലും ജില്ലാ ആശുപത്രി ജംഗ്ഷനിലും റോഡ് ഉപരോധം നടത്തിയ 43 പേർക്കെതിരെ പൊലീസ് കേസെടുത്തു.സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകരുടെ വാഹനങ്ങൾ റെയിൽവെ സ്റ്റേഷന് സമീപം തടഞ്ഞു നിർത്തി താക്കോൽ ഊരിയെടുത്ത ഹർത്താലനുകൂലികൾക്കെതിരെ പൊലീസ് കേസെടുത്തു.

ഊരിയെടുത്ത താക്കോൽ സമരക്കാർ പിന്നീട് ഇ.എം.എസ് സ്റ്റേഡിയത്തിലെ പ്രതിനിധി സമ്മേളന നഗറിലെത്തി കൈമാറി. ഹരിപ്പാട് നഗരത്തിൽ പ്രകടനം നടത്തിയ മുപ്പതോളം വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. ഹരിപ്പാട്, കാർത്തികപ്പള്ളി, തൃക്കുന്നപ്പുഴ, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. ചാരുംമൂട്ടിൽ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സരയുടെ സ്ഥാപനം പൊലീസ് കാവലിൽ തുറന്നു പ്രവർത്തിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ 122 പേരെ കരുതൽ തടങ്കലിലാക്കി.