മാവേലിക്കര: ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ടു ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനം നവജ്യോതി മോംസ് സംഘടിപ്പിക്കുന്ന കേക്ക് മേളയുടെ ഭാഗമായി സ്ത്രീ സുരക്ഷ സെമിനാർ നടത്തി. ഭാരതീയ വിദ്യാഭവൻ ദേശീയ ഉപാദ്ധ്യക്ഷ ജ്യോതി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.എബ്രഹാം ജോർജ് അദ്ധ്യക്ഷയായി. നവജ്യോതി മർത്തമറിയം സമാജം ഭദ്രാസന ജനറൽ സെക്രട്ടറി മേരി വർഗീസ് കൊമ്പശേരിൽ, മോംസ് ഡയറക്ടർ അനി വർഗീസ്, അനിമേറ്റർ ജോയ്സ് തോമസ്, നരേന്ദ്ര പ്രസാദ് സ്മാരക നാടക പഠന ഗവേഷണ കേന്ദ്രം നിർവാഹക സമിതിയംഗം ബിനു തങ്കച്ചൻ, പരിസ്ഥിതി പ്രവർത്തക റൂബി എം.സാം എന്നിവർ സംസാരിച്ചു.
കേക്ക് മേള ഇന്ന് സമാപിക്കും. പുതിയകാവ് സെന്റ് മേരീസ് ഹാളിൽ ഉച്ചയ്ക്ക് 3 മുതൽ രാത്രി 8 വരെയാണു മേള നടക്കുന്നത്. വിവിധ പള്ളികളിലെ നവജ്യോതി മോംസ് പ്രവർത്തകർ വീടുകളിൽ നിർമിച്ച കേക്കാണ് വിൽപന നടത്തുന്നത്. ലാഭ വിഹിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകും. ഇന്ന് വൈകിട്ട് 4ന് ജനാധിപത്യവും സ്ത്രീ പങ്കാളിത്തവും എന്ന വിഷയത്തിൽ സെമിനാർ നടക്കും.