house

കുട്ടനാട് : പ്രളയത്തിൽ തകർന്ന സ്വപ്നങ്ങൾ റീബിൽഡ് കേരളയിലൂടെ പടുത്തുയർക്കാനിറങ്ങിയവർക്ക് തിരിച്ചടിയായി ഭവനനിർമ്മാണത്തിനുള്ള ധനസഹായം മുടങ്ങി. പൂർണമായി വീട് നഷ്ടപ്പട്ടവർക്ക് പുതിയ വീടു നിർമ്മിക്കുന്നതിനായി നാലു ലക്ഷം രൂപ നൽകുന്ന പദ്ധതിയിലെ അവസാന ഗഡു കുട്ടനാട് താലൂക്കിലെ അപേക്ഷകർക്ക് കിട്ടാത്തതിനെത്തുടർന്നാണ് വീടുകളുടെ നിർമ്മാണം പാതി വഴിയിൽ നിലച്ചത്.

ഒന്നും രണ്ടും ഗഡു ധനസഹായം ലഭിച്ചതിനെത്തുടർന്ന് ഉത്തരവിതാനം വരെ ഭിത്തികെട്ടി കാത്തിരുന്നവർക്കാണ് തിരിച്ചടി. മൂന്നാം ഗഡു കിട്ടിയാലേ വീടിന്റെ കോൺക്രീറ്റ് നടത്താൻ കഴിയൂ.

നാല്‌ ലക്ഷംരൂപയാണ്‌ ഒരു വീടിന് മൊത്തമായി അനുവദിക്കുക.അടിത്തറ കെട്ടി മണ്ണ് നിറയ്ക്കുന്ന ഒന്നാം ഘട്ട ജോലിക്ക് ആദ്യഗഡുവായി 95000 രൂപയും ഉത്തരവിതാനം വരെ ഭിത്തികെട്ടി തീർക്കുന്ന മുറയ്ക്ക്‌ രണ്ടാംഗഡുവായ ഒന്നരലക്ഷം രൂപയുമാണ് നൽകുക.മൂന്നാം ഘട്ടമായി മേൽക്കൂര നിർമ്മിക്കുന്നതിന് ബാക്കി തുകയായ 155000 രൂപ നൽകും.ഈ അവസാന ഗഡു കിട്ടുന്നതിനായി അപേക്ഷകർ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പഞ്ചായത്ത് ഓഫീസുകളും താലൂക്ക് ഓഫീസും കളക്‌ടറേറ്റും കയറിയിറങ്ങുകയാണ്.

സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് പണം അനുവദിക്കുന്നതിന് തസമെന്നാണ് അന്വഷിച്ചെത്തുന്നവർക്ക് അധികൃതർ നൽകുന്ന വിശദീകരണം. വീടു പണി പൂർത്തിയാകാത്തതിനാൽ ഇവർ മാസങ്ങളായി താത്കാലിക ഷെഡിലാണ് കഴിയുന്നത്.

റീബിൽഡ് കേരളയിൽ

കുട്ടനാട് താലൂക്കിൽ നിർമ്മിക്കുന്ന വീടുകൾ: 1869

 നിർമ്മാണം തുടങ്ങിയത് ജനുവരിയിൽ

രണ്ടാം ഗഡു കിട്ടിയത് രണ്ട് മാസം മുമ്പ്

''സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് മൂന്നാം ഗഡു നൽകുന്നതിലുള്ള കാലതാമസത്തിനു പിന്നിൽ, 15 ദിവസത്തിനകം തുക കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

തഹസിൽദാർ, കുട്ടനാട്