മാവേലിക്കര : ലക്ഷങ്ങളുടെ കടബാദ്ധ്യതയിൽ നട്ടംതിരിഞ്ഞ ഗൃഹനാഥന് ഭാഗ്യദേവതയുടെ കടാക്ഷം. കേരള സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയ്ക്കാണ് ചെട്ടികുളങ്ങര ഈരേഴ തെക്ക് പനാറ കിഴക്കതിൽ ശിവൻ അർഹനായത്.
ഇന്നലെ രാവിലെ 7.45ന് ചെട്ടികുളങ്ങര ദേവീക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ ശിവനും ഭാര്യ ഓമനയും വീടിന് മുന്നിൽ വച്ച് ഒരു കച്ചവടക്കാരനിൽ നിന്ന് എടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനം. കോട്ടയം സ്വദേശിയായ ലോട്ടറി കച്ചവടക്കാരനും ഭാര്യയും കായംകുളത്ത് വാടകയക്ക് താമസിച്ചു വരികയാണ്.കച്ചവടക്കാരന്റെ ജീവിത സാഹചര്യം പറഞ്ഞ് ഭാര്യ ഓമന നിർബന്ധിച്ചതിനെ തുടർന്നാണ് ശിവൻ ടിക്കറ്റ് എടുത്തത്. തിരുവല്ല ടു സ്റ്റാർ ലോട്ടറി ഏജൻസിയുടേതാണ് ടിക്കറ്റ്.
വീടുകളുടെ കോൺക്രീറ്റ് ജോലികൾക്ക് പോയി ഉപജീവന മാർഗം തേടുന്ന ശിവനും കുടുംബവും 4 സെന്റിലെ ചെറിയ വീട്ടിലാണ് കഴിയുന്നത്. ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ട്. നല്ലയൊരു വീട് വയ്ക്കണമെന്നാണ് ശിവന്റെ മോഹം. സി.പി.എം അംഗമായ ശിവൻ സമ്മാനം നേടിയ എസ് വൈ 170457 നമ്പർ ടിക്കറ്റ് ചെട്ടികുളങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സുധാകരക്കുറുപ്പിന്റെയും സി.പി.എം ചെട്ടികുളങ്ങര കിഴക്ക് ലോക്കൽ കമ്മറ്റി ആക്ടിംഗ് സെക്രട്ടറി ജി.അജിത്തിന്റെയും സാന്നിദ്ധ്യത്തിൽ പെരുങ്ങാല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ബി പ്രേംദീപിന് കൈമാറി.