ആലപ്പുഴ: ശിശുക്കളിലെ ശ്രവണവൈകല്യം കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിയായ കാതോരത്തിന് ജില്ലയിലും തുടക്കം. നാല് സർക്കാർ ആശുപത്രികളിലാണ് നിലവിൽ പദ്ധതി ആരംഭിച്ചിട്ടുള്ളത്.
സാമൂഹ്യ സുരക്ഷാ മിഷൻ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ നവജാത ശിശുക്കളുടെ കേൾവി വൈകല്യം കണ്ടുപിടിച്ച് സൗജന്യ ചികിത്സ നൽകും. ആരോഗ്യവകുപ്പ്, മെഡിക്കൽകോളേജുകൾ, ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ, നിഷ് ഉൾപ്പെടെയുളള സ്ഥാപനങ്ങൾ, വികലാംഗക്ഷേമ കോർപറേഷൻ, സാങ്കേതികസ്ഥാപനങ്ങൾ തുടങ്ങിയവയുമായി സംയോജിപ്പിച്ചാണ് കാതോരം' പ്രവർത്തനം . കുഞ്ഞ് ജനിച്ച് അമ്മയും കുഞ്ഞും ആശുപത്രി വിടുംമുമ്പ് നവജാത ശിശുവിന്റെ കേൾവി പരിശോധന ഉറപ്പാക്കും.
ആശുപത്രികളിൽ കേൾവി പരിശോധന നടത്താൻ 'ഓട്ടോ അക്യുസ്റ്റിക് എമിഷൻ സ്‌ക്രീനർ' എന്ന ആധുനിക ഉപകരണവും സ്‌ക്രീനിംഗ് നടത്താൻ പരിശീലനം ലഭിച്ച ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിന്റെ സേവനവും ഉണ്ടാകും. പ്രാഥമിക സ്‌ക്രീനിംഗിൽ കേൾവിക്ക് പ്രശ്‌നം കണ്ടെത്തുന്ന കുട്ടികളിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്താൽ തുടർപരിശോധനകളിലൂടെ കേൾവി വൈകല്യം സ്ഥിരീകരിക്കാൻ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനാ സംവിധാനങ്ങളുണ്ട്. ഫലപ്രാപ്തി ഉറപ്പാക്കാൻ 18 മാസത്തിനും 24 മാസത്തിനും ഇടയിൽ കോക്ലിയാർ ഇംപ്ലാന്റ് സർജറി ചെയ്യും. കോക്ലിയാർ ഇംപ്ലാന്റിന് ശേഷമുളള ഹാബിലിറ്റേഷൻ തെറാപ്പിക്കുള്ള സാങ്കേതിക സൗകര്യം ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ, മെഡിക്കൽകോളേജുകൾ, നിഷ്, കോക്ലിയാർ ഇംപ്ലാന്റ് നടത്തുന്ന മറ്റ് ആശുപത്രികൾ തുടങ്ങിവയിലൂടെ ലഭ്യമാക്കും. വിദഗ്ദ്ധ പരിശോധനയിലൂടെ കുട്ടികളിലെ കേൾവി വൈകല്യം സ്ഥിരീകരിക്കുന്നതിനുളള ബി.ഇ.ആർ.എ. സംവിധാനവും ജില്ലയിലുണ്ട്.
'കാതോരം" പദ്ധതി
സംസ്ഥാനത്ത് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങളുടേയും കേൾവിശക്തി പരിശോധിച്ച് ശാശ്വത പരിഹാരം കാണുകയാണ് കാതോരം പദ്ധതിയുടെ ലക്ഷ്യം. ജനനം മുതലുള്ള കുഞ്ഞിന്റെ ശ്രവണ വികാസം നിരീക്ഷിച്ച് അനുയോജ്യമായ ചികിത്സ, തെറാപ്പി, ശ്രവണ ഉപകരണങ്ങൾ, ആവശ്യമെങ്കിൽ കോക്ലിയാർ ഇംപ്ലാന്റ് സർജറി ഉൾപ്പെടെ ലഭ്യമാക്കി മൂന്നുനാല് വയസ് ആകുമ്പോഴേക്കും ശ്രവണവൈകല്യം പരിഹരിച്ച് സാധാരണ സ്‌കൂളുകളിൽ വിദ്യാഭ്യാസം നടത്താൻ പ്രാപ്തമാക്കും.
കാതോരം ക്ലിനിക് സമയം ......രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പദ്ധതി നടപ്പാക്കിയ ആശുപത്രികൾ
വണ്ടാനം മെഡിക്കൽ കോളേജ്
വനിതാ ശിശു ആശുപത്രി
ഹരിപ്പാട് താലൂക്ക് ആശുപത്രി
ചേർത്തല താലൂക്ക് ആശുപത്രി
എല്ലാവർക്കും പങ്കാളികളാകാം
സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുട്ടികളെയും ഇൗ പദ്ധതിയുടെ ഭാഗമാക്കാം. കുട്ടികളെ കാതോരം ക്ലിനിക്കിൽ പരിശോധനക്കായി മാതാപിതാക്കൾ എത്തിക്കണം.
'' നവജാതശിശുക്കളിൽ കേൾവി വൈകല്യം ഉണ്ടെങ്കിൽ അത് കണ്ടുപിടിച്ച് തുടർ ചികിത്സായ കൊക്ലിയാർ ഇംപ്ലാന്റേഷൻ നൽകുന്ന പദ്ധതിയാണ് 'കാതോരം". ജില്ലയിലും ഇതിനോട്ഈ പദ്ധതിയോട് നല്ല പ്രതികരണമാണ്
(ജിൻസ്,സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ)