th

ഹരിപ്പാട്: സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്കന്ദ പുരാണ കഥകൾ ചുവർചിത്രങ്ങളാകുന്നു. പഞ്ചവർണത്തിൽ കന്നിമൂലയിൽ ഗണപതിയെ വരച്ചാണ് തുടങ്ങിയത്. തുടർന്നു ഭൂതമാല, മ‍ൃഗമാല, പക്ഷിമാല, വനമാല, ചിത്രമാല എന്നിങ്ങനെ പഞ്ചമാലകൾ പൂർത്തിയാക്കി. ക്ഷേത്രത്തിലെ പ്രതിഷ്ഠാ രീതിയിലുള്ള സുബ്രഹ്മണ്യൻ, ദക്ഷിണാമൂർത്തി, വിഷ്ണു എന്നീ ചിത്രങ്ങളും പൂർത്തിയായി. ക്ഷേത്രകവാടത്തിന് ഇരുവശത്തും ദ്വാരപാലകരുടെ ചുവർ ചിത്രങ്ങളും വരച്ചു. ഇപ്പോൾ ഇരുവശങ്ങളിലെയും ചുവരുകളിലാണ് ചിത്രങ്ങൾ വരച്ചുകൊണ്ടിരിക്കുന്നത്. ബലിക്കൽപ്പുരയുടെ നാലു ചുവരിലും മുകൾ ഭാഗത്തും
സ്കന്ദ പുരണ കഥകൾ ചുവർ ചിത്രങ്ങളായി സ്ഥാനം പിടിക്കുകയാണ്. ഗുരുവായൂർ ദേവസ്വത്തിൽ നിന്നു ചുവർ ചിത്രകലയിൽ ഡിപ്ലോമ നേടിയിട്ടുള്ള തരുൺ വാസുദേവിന്റെ നേതൃത്വത്തിൽ ഒൻപത് കലാകാരൻമാരാണ് ചിത്രരചന നടത്തുന്നത്. എൻ.ഹരിശങ്കർ, വി.സി. സിജിത്ത്, ഐ.വി. വിജിത്ത്, ശ്രീരാഗ് ഇവമന, പി.എസ്. ജിതിൻ, വിഷ്ണുശ്രീധർ, സുദർശൻ, വിഷ്ണു എന്നിവർ വ്രതനിഷ്ഠയോടെയാണ് ഇത് ചെയ്യുന്നത്. മൂന്നു മാസം ചുവർ ചിത്രങ്ങൾ പൂർത്തീകരിക്കാനാകുമെന്ന് ഇവർ പറഞ്ഞു. ഭക്തജനങ്ങളുടെ തിരക്ക് ഇല്ലാത്ത സമയത്ത് ഉയരം ഇട്ടാണ് മുകൾ ഭാഗങ്ങളിലെ ജോലികൾ ചെയ്യുന്നത്. അക്രലിക് പെയിന്റ് ഉപയോഗിച്ചാണ് ചെയ്യുന്നത്.

ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങളുടെ സഹായത്തോടെ ദേവസ്വം ബോർഡിന്റെ അനുമതിയോടെയാണ് ചുവർചിത്രങ്ങൾ വരയ്ക്കുന്ന ജോലികൾ ആരംഭിച്ചതെന്ന് ഉപദേശക സമിതി പ്രസിഡന്റ് ജി.എസ്.ബൈജു പറഞ്ഞു.