ആലപ്പുഴ: ജില്ലാ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, കൃഷി വകുപ്പ്, എസ്.ഡി.കോളേജ് എന്നിവയുടെ നേതൃത്വത്തി​ൽ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ നാളെ മുതൽ 28വരെ നടക്കുന്ന 30-ാം കാർഷിക,വ്യാവസായിക പ്രദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ രവി പാലത്തുങ്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫയർഫോഴ്സ്, എക്സൈസ്, മെഡിക്കൽകോളേജ്, ആത്മ, ക്ഷീര വികസന വകുപ്പ്, ഫിഷറീസ്, കയർബോർഡ്, ഹോർട്ടി​കോർപ്, ഗാന്ധി സ്മാരകകേന്ദ്രം, വിവിധ ഫാർമേഴ്സ്ക്ളബ്ബുകൾ തുടങ്ങി 75ൽ അധികം സ്റ്റാളുകൾ പ്രവർത്തിക്കും. കഞ്ഞിക്കുഴി, മുഹമ്മ, ആര്യാട്, മാരാരിക്കുളം പഞ്ചായത്തുകളിലെ കർഷകർ ഉത്പാദിപ്പിച്ച കാർഷിക വിളകളും പ്രദർശനത്തിൽ ഉണ്ടാകും. 20ന് വൈകിട്ട് 4ന് വിളംബര ജാഥ, 5ന് മന്ത്രി പി.തിലോത്തമൻ കാർഷി​കമേള ഉദ്ഘാടനം ചെയ്യും. കളക്ടർ എം.അഞ്ജന അദ്ധ്യക്ഷത വഹിക്കും. എ.എം.ആരീഫ് എം.പി പവലിയന്റെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. എല്ലാ ദിവസവും സെമിനാറുകളും വൈകിട്ട് കലാപരിപാടികളും നടക്കുമെന്ന് രവി പാലത്തുങ്കൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എ.എൻ.പുരം ശിവകുമാർ, പി.ആർ.ഉണ്ണി​ക്കൃഷ്ണ.പിള്ള, ടി.സജി, ഹരിദാസ് എന്നിവർ പങ്കെടുത്തു.