ആലപ്പുഴ : ജില്ലയിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർത്തി. ജനസൗഹൃദമായ ഫ്രണ്ട് ഓഫീസ്, ഫയൽ ട്രാക്കിംഗിനായി പ്രത്യേക സംവിധാനം, പരിസ്ഥിതി സൗഹൃദം, സേവനാവകാശത്തിലൂന്നിയുള്ള മെച്ചപ്പെട്ട സേവനം, ഓഫീസിൽ എത്തുന്ന മുലയൂട്ടുന്ന അമ്മമാർക്കായി ഫീഡിംഗ് റൂം തുടങ്ങിയവയെല്ലാം ബ്ലോക്ക് പഞ്ചായത്തുകളിൽ ഇപ്പോൾ ലഭ്യമാണെന്ന് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ (ജനറൽ) അറിയിച്ചു. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ നിലവാരത്തിൽ എത്തിയ സംസ്ഥാനത്തെ ആറാമത്തെ ജില്ലയാണ് ആലപ്പുഴ.

ജനുവരി ഒന്നോടെ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും ഐ.എസ്.ഒ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനവും ഐ.എസ്.ഒ പ്രഖ്യാപനവും ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ബിനു ഐസക് രാജു, എ.ആർ.കണ്ണൻ, ബോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി, സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻമാരായ മധു.സി.കൊളങ്ങര, കെ.മുരളി കളത്തിൽ, പ്രസന്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാത്യു പഞ്ഞിമരം, ജനൂപ് പുഷ്പാകരൻ, എം.കെ.ചാക്കോ, ഷീല സജീവ്, അംബിക ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.