citu

ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരായ തൊഴിലാളി സമരം കൂടുതൽ തീക്ഷ്ണമാക്കാൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി ദേശീയ സെക്രട്ടറി കെ.കെ. ദിവാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ധർണ, പ്രകടനം തുടങ്ങിയവയിലൂടെ ഉയർത്തുന്ന ആവശ്യങ്ങൾ അവഗണിക്കുന്ന സാഹചര്യത്തിലാണ് ലോംഗ് മാർച്ച് പോലെ കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സമരപരിപാടികളിലേക്ക് മാറുന്നത്.

ബി.പി.സി.എൽ, മുത്തൂറ്റ് ഫിനാൻസ് എന്നിവിടങ്ങളിലെ സമരം ശക്തമാക്കും. ബി.പി.സി.എൽ കൈമാറ്റം ചെയ്‌താൽ അവിടെ ആരേയും പ്രവേശിപ്പിക്കാൻ കഴിയാത്ത തരത്തിൽ പ്രതിരോധ പ്രക്ഷോഭം ജനാധിപത്യപരമായി സംഘടിപ്പിക്കും. മുത്തൂറ്റ് ഫിനാൻസിൽ 166 പേരെ പിരിച്ചുവിട്ട നടപടിക്കെതിരെ ജനുവരി രണ്ടിന് തൊഴിലാളികൾ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തെ സി.ഐ.ടി.യു പിന്തുണയ്‌ക്കും.
ദേശീയ സമ്മേളനത്തിനുശേഷം യുവതീ യുവാക്കളായ രണ്ടായിരം കേഡർമാർക്കായി കോട്ടയത്ത് ത്രിദിന പരിശീലന ശില്പശാല സംഘടിപ്പിക്കും. എല്ലാ കമ്മിറ്റികളിലും 25 ശതമാനമെങ്കിലും വനിതാ ഭാരവാഹിത്വം ഉറപ്പാക്കും. സർക്കാർ സഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് മുന്നോട്ടുപോകാനാകില്ല. പ്രതിസന്ധി സമീപകാലത്തൊന്നും വിട്ടൊഴിയാനിടയില്ല. ടോമിൻ ജെ. തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ സ്‌പെയർ പാർട്‌സിനും മറ്റുമുള്ള ഫണ്ട് മാറ്റിയാണ് ശമ്പളം നൽകിയത്. ഉദ്യോഗസ്ഥരുടെ മോശമായ സമീപനം തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും കെ.കെ. ദിവാകരൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ. ഗോപിനാഥൻ, പി.പി. ചിത്തരഞ്ജൻ, ജില്ലാ സെക്രട്ടറി ഗാനകുമാർ, പ്രസിഡന്റ് എച്ച്. സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.