samuchayam

ആലപ്പുഴ: ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജന്മസ്ഥലമായ ചന്തിരൂരിൽ ജന്മഗൃഹസമുച്ചയത്തിന്റെ ശിലാസ്ഥാപനം 22ന് രാവിലെ 11.30ന് ഗുരുസ്ഥാനീയ അമൃത ജ്ഞാന തപസ്വിനി നിർവഹിക്കുമെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആലപ്പുഴ,എറണാകുളം ജില്ലകളുടെ അതിർത്തിയിൽ കൈതപ്പുഴ കായലിനോട് ചേർന്നുള്ള കരിനിലത്തെ അഞ്ചടിപ്പാടത്തിന് സമീപത്തുള്ള എഴ് ഏക്കർ സ്ഥലത്ത് മൂന്ന് ഘട്ടങ്ങളിലായി വ്യത്യസ്ത വാസ്തുശില്പ ശൈലികളെ സമന്വയിപ്പിച്ചാണ് നിർമ്മാണം. 75,000ചതുരശ്ര അടി വിസ്തീർണ്ണമുള്ള സമുച്ചയം 50 കോടി രൂപ ചെലവഴിച്ചാണ് നിർമ്മിക്കുന്നത്. ദേശീയപാതയിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്ക് മാറി ജലഗതാഗത സൗകര്യമുള്ള പ്രദേശമായതിനാൽ ടൂറിസം സാദ്ധ്യതയും പ്രയോജനപ്പെടുത്തും.

സ്തംഭങ്ങൾ, സ്തൂപങ്ങൾ, പഗോഡകൾ, ഇടത്തൂണുകൾ,അർദ്ധഗോള കുംഭ മകുടങ്ങൾ, വൃത്താകൃതിയിലും അർദ്ധഖണ്ഡാകൃതിയിലുള്ളതുമായ കമാനങ്ങൾ എന്നിവ സമുച്ചയത്തിനെ ആകർഷകമാക്കും.

ഏഴ് പ്രധാന ഗോപുര കവാടങ്ങൾ കടന്ന് ചെല്ലുമ്പോൾ മുഖമണ്ഡപം. 12പടികൾ കയറുമ്പോൾ കൃഷ്ണശിലയിൽ നിർമ്മിക്കുന്ന കൽമണ്ഡപം. സ്വർണ്ണ കൊടിമരം, 12അടി ഉയരമുള്ള കൽവിളക്കുകൾ, 41അടി ഉയരത്തിൽ 21ഇതളുകളുള്ള വിടർന്ന താമര ശില്പം എന്നിവയുണ്ടാകും. ശാസ്ത്രവിധി പ്രകാരം പരസ്പരം ബന്ധിച്ച വിടർന്ന ഇതളുകളായിരിക്കും താമരയ്ക്ക്. 100അടി വിസ്തീർണ്ണത്തിലുള്ള താഴികക്കുടം പ്രധാന മന്ദിരത്തിലുണ്ടാകും. ഗുരുവിന്റെ ജന്മശതാബ്ദി വർഷമായ 2027സെപ്തംബർ ഒന്നിന് സമുച്ചയത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യണമെന്ന ലക്ഷ്യത്തിലാണ് പ്രവർത്തനമെന്ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്വാമി ഗുരുമിത്രൻ, സ്വാമി ജനനന്മ, വിക്ടർ പൈലി, ജി. മേഖല ഗുരുമൂർത്തി എന്നിവരും പങ്കെടുത്തു.