അരൂർ: ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി കരുണാകരഗുരുവിന് ജന്മനാടായ ചന്തിരൂരിൽ ജന്മഗൃഹ സമുച്ചയം ഒരുങ്ങുന്നു. ശി​ലാസ്ഥാപനം 22 ന് നടക്കും. കൈതപ്പുഴ കായലിനോട് ചേർന്ന് നീണ്ടു കിടക്കുന്ന അഞ്ചടിപ്പാടം കരിനിലത്തിന് സമീപത്തെ പ്രകൃതി രമണീയമായ ഏഴ് ഏക്കറിലാണ് മൂന്ന് ഘട്ടങ്ങളിലായി വ്യത്യസ്ത വാസ്തുശില്പ ശൈലികൾ സമന്വയിപ്പിച്ചു ജന്മഗൃഹ സമുച്ചയം നിർമ്മിക്കുന്നത്. സ്തംഭങ്ങൾ, സ്തൂപങ്ങൾ, പഗോഡകൾ, ഇടത്തൂണുകൾ, അർദ്ധഗോള കുംഭ മകുടങ്ങൾ, വൃത്താകൃതിയിലും അർദ്ധ ഖണ്ഡാ കൃതിയിലുമുള്ള കമാനങ്ങൾ തുടങ്ങിയവ സമുച്ചയത്തിന് മിഴിവേകും.ആത്മീയ പ്രഭാഷണങ്ങൾക്ക് വേദിയാകുന്ന മഹാമണ്ഡപം, ദർശന മണ്ഡപം, ധ്യാന മണ്ഡപം, ജ്ഞാനമണ്ഡപം, വിജ്ഞാന മണ്ഡപം, ശാന്തി മണ്ഡപം, ജപമണ്ഡപം, കർമ്മമണ്ഡപം, ധർമ്മമണ്ഡപം, ഒരു നേരം ആയിരം പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം, കൽമണ്ഡപം, മണിമണ്ഡപം എന്നിവ സമുച്ചയത്തിലുണ്ടാകും. കൃഷ്ണശിലയിൽ തീർത്ത 9 അടി ഉയരവും 12 പടികൾ ഉള്ളതുമായ പ്രത്യേക പീoത്തിനു മുകളിൽ സ്വർണ്ണ നിർമ്മിതമായ 6 അടി ഉയരമുള്ള ഗുരുരൂപം പ്രതിഷ്ഠിക്കും. രാജസ്ഥാൻ ശൈലിയിലുള്ള ചില്ലുവാതിലുള്ള സമുച്ചയത്തിനുള്ളിൽ ഗുരുവിന്റെ ജീവചരിത്രം ഉൾപ്പെടുന്ന വിഷ്വൽ മ്യൂസിയം, ആശ്രമ ചരിത്രം ആലേഖനം ചെയ്യുന്ന എക്സിബിഷൻ ഹാൾ, എല്ലാ മതാശയങ്ങളെയും ഉൾക്കൊള്ളിച്ച ഇന്റർഫെയ്ത്ത് സെന്റർ, കോൺഫറൻസ് ഹാൾ, ലോകത്തിലെ ചരിത്ര ആത്മീയ ഗ്രന്ഥങ്ങളുടെ ലൈബ്രറി, ശാന്തിഗിരി സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നൂതന എച്ച്.ഡി.വിഷ്വൽ തീയേറ്റർ, കമ്യൂണിറ്റി ഹാൾ, കൾച്ചറൽ സെൻറർ, തീർത്ഥയാത്ര മണ്ഡപം, അതിഥി മന്ദിരം എന്നിവയുമുണ്ടാകും. ഔഷധ സസ്യ ഉദ്യാനവും നക്ഷത്രവനവും ഇതോടൊപ്പം നിർമ്മിക്കും.. തിരുവനന്തപുരം പോത്തൻകോട്ടെ 91 അടിയിൽ വെണ്ണക്കല്ലിൽ തീർത്ത താമര പർണ്ണശാല രൂപകൽപ്പന നടത്തിയ ആലപ്പുഴ സ്വദേശി വിക്ടർ പൈലിയാണ് ജന്മഗൃഹ സമുച്ചയത്തിന്റെയും രൂപകല്പന നി​ർവഹി​ക്കുന്നത്. ശാന്തിഗിരി ആശ്രമം വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജന്മഗൃഹ സമുച്ചയ ശിലാസ്ഥാപനം നടക്കുന്നത്. കരുണാകരഗുരുവിന്റെ 100-ാം ജന്മദിനമായ 2027 സെപ്റ്റംബർ ഒന്നിന് സമുച്ചയത്തിന്റെ ഒന്നാം ഘട്ടം മാനവ രാശിയ്ക്കായി തുറന്നുകൊടുക്കാനാകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു .നാനാജാതി മതസ്ഥർക്കും പ്രവേശനം നൽകുന്നതിനാൽ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മതേതര കേന്ദ്രമായി ശാന്തിഗിരി ജന്മഗൃഹ സമുച്ചയം മാറും

ജന്മഗൃഹ സമുച്ചയം 75000 ചതുരശ്ര അടിയിൽ

 75000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സമുച്ചയത്തിന് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഒന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമ്മിക്കുന്ന മനോഹരമായ ഉദ്യാനവും 100 അടി ഉയരമുള്ള മ്യൂസിക്കൽ ഫൗണ്ടനും പ്രധാന ആകർഷണമാകും.

 12 രാശി, 27 നക്ഷത്രം, 9 ഗോളം എന്നിങ്ങനെ സൗരയൂഥ കണക്കിനെ ആസ്പദമാക്കിയാണ് നിർമ്മാണം.

4500 പേർക്ക് ഒരേ സമയം പ്രാർത്ഥിക്കാൻ കഴിയുന്ന വിശാലമായ പ്രാർത്ഥനാ മണ്ഡപം സമുച്ചയത്തിന്റെ മദ്ധ്യഭാഗത്ത് നിർമ്മിക്കും.

100 അടി വിസ്തീർണ്ണമുള്ള താഴികക്കുടം പ്രധാന മന്ദിരത്തിനുണ്ടാകും.