aatakatha

കുട്ടനാട് : തിരുവല്ല വൈഷ്ണവം കഥകളി കലാശാല അരങ്ങിലെത്തിച്ച ചക്കുളത്തമ്മ ചരിതം ആട്ടക്കഥ കാണികളുടെ മനം കവർന്നു. നൂറ്റാണ്ടിന് മുമ്പ് ഭദ്രകാളി വിജയം ആട്ടക്കഥ അവതരിപ്പിച്ചതിനുശേഷം ദേവീ സങ്കൽപ്പത്തിലുള്ള ആട്ടക്കഥ പിന്നീട് ആദ്യമായാണ് അരങ്ങിൽ എത്തുന്നത്. തിരുവല്ല ഗോപിക്കുട്ടൻ നായർ രചനയും, സംഗീതവും നിർവ്വഹിച്ച ചക്കുളത്തമ്മ ചരിതം ആട്ടക്കഥ മൂന്ന് ആഴ്ചകൊണ്ടാണ് ചിട്ടപ്പെടുത്തി അരങ്ങിലെത്തിച്ചത്. ഇന്നലെ വൈകിട്ട് ഏഴിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലായിരുന്നു ചക്കുളത്തമ്മ ചരിതം ആട്ടക്കഥയുടെ അരങ്ങേറ്റം. ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ മകൾ ദേവി ഉണ്ണിമായ ചക്കുളത്തമ്മയായി വേഷമിട്ടു.

ദേവിയുടെ മൂന്ന് ഭാവങ്ങളിൽ ഏഴ് രംഗങ്ങളായി അവതരിപ്പിച്ച കഥ ചക്കുളത്തുകാവ് ക്ഷേത്രത്തിന്റെ ഉൽപ്പത്തി വിവരിക്കുന്നതോടെ അവസാനിച്ചു. ദേവിയുടെ രൗദ്ര ഭാവത്തിൽ തുടങ്ങി ചക്കുളത്തുകാവിൽ കുടികൊള്ളുന്ന ശാന്തഭാവം വരെ കഥയെ കൊണ്ടുപോകാൻ തിരുവല്ല ഗോപിക്കുട്ടൻ നായർക്ക് കഴിഞ്ഞു. കത്തി, താടി, കരി, മിനുക്ക് എന്നിവയും ചക്കുളത്തമ്മ ചരിതം കഥകളിയിലുണ്ട്.
മാത്തൂർ ഗോവിന്ദൻകുട്ടി നാരദനായും ചന്ദ്രമന നാരായണൻ നമ്പൂതിരി ഇന്ദ്രനായും കലാമണ്ഡലം അനന്ദകൃഷ്ണൻ ബ്രഹ്മാവായും, വേടത്തിയായും കലാഭാരതി ഹരികുമാർ ശുംഭാസുരനായും കലാമണ്ഡലം പ്രശാന്ത് നിശുംഭനായും കുടമാളൂർ മുരളീകൃഷ്ണൻ ദേവിയായും കലാനിലയം വിനോദ് വേടനായും തലവടി അരവിന്ദാക്ഷൻ ദിവ്യസർപ്പമായും വേഷമിട്ടു. ഗോപിക്കുട്ടൻ നായർ, കലാമണ്ഡലം സുരേന്ദ്രൻ, പരിമണം മധു എന്നിവർ പാട്ടും കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി പീതാംബരൻ എന്നിവർ ചെണ്ടയും കലാഭാരതി ജയശങ്കർ, കലാമണ്ഡലം അഖിൽ എന്നിവർ മദ്ദളവും ചിങ്ങോലി പുരുഷോത്തമൻ ചുട്ടിയും അവതരിപ്പിച്ചു..