മാരാരിക്കുളം : ശതാബ്ദി ആഘോഷത്തിന്റെ മധുരം കേക്കിലൊരുക്കി കാട്ടൂർ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂൾ. 25 അടി നീളവും രണ്ടടി വീതിയുമുള്ള 100 കിലോ കേക്കിൽ സ്‌കൂൾ സ്ഥാപകൻ ഫാ.പ്രസന്റേഷന്റെ ചിത്രം,ശതാബ്ദി സ്മാരക ലോഗോ തുടങ്ങിയവ ആലേഖനം ചെയ്യും. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സ്‌കൂൾ ലാബിലാണ് കേക്കിന്റെ പ്രദർശനം.
ഹിമാലയ ബേക്ക്സുമായി സഹകരിച്ചാണ് പ്രദർശനം. ഹിമാലയ മാനേജിംഗ് ഡയറക്ടർ എസ്.സുധീഷിന്റെ നേതൃത്വത്തിൽ 20 തൊഴിലാളികൾ സ്‌കൂളിലെത്തിയാണ് കേക്ക് നിർമ്മിക്കുന്നത്.പുലർച്ചെ 3ന് നിർമ്മാണം ആരംഭിക്കും.അര ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്. 100 സാന്താക്ലോസും 100 നക്ഷത്രങ്ങളും ക്രിസ്മസ് ആഘോഷത്തെ വർണാഭമാക്കും.വൈകിട്ട് 3ന് ചലച്ചിത്ര സംവിധായകൻ ഫാസിൽ കേക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ദലീമ ജോജോ മുഖ്യാതിഥിയാകും. ശതാബ്ദി സ്മാരക ലോഗോ ആലേഖനം ചെയ്ത ഓരോ കിലോയുടെ ആയിരം കേക്ക് പൂർവ വിദ്യാർത്ഥികൾക്ക് വിലയ്ക്ക് നൽകാനായി ഒരുക്കും.
ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങൾ 2020 ജനുവരി 13ന് മന്ത്റി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ സിസ്റ്റർ റോസ് ദലീമ,പ്രിൻസിപ്പൽ പി.ജെ.യേശുദാസ്,പ്രധാനാദ്ധ്യാപകൻ എ.പി. ഇഗ്‌നേഷ്യസ്,പി.ടി.എ പ്രസിഡന്റ് പി.ബി.പോൾ,വൈസ് പ്രസിഡന്റ് എ.പി.റോയ്,ഹിമാലയ എം.ഡി.എസ്.സുധീഷ്,കെ.എ.ടൈറ്റസ് എന്നിവർ പങ്കെടുത്തു.