റോഡിലെ ചേംബറുകളും തൂണുകളും നീക്കം ചെയ്യും
ആലപ്പുഴ: റോഡുകൾ കുത്തിപ്പൊളിച്ച് സ്വകാര്യ കമ്പനി കേബിളുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ വാഗ്വാദം. എൽ.ഡി.എഫ് പാർലെമന്ററി പാർട്ടി നേതാവ് ഡി. ലക്ഷ്മണനും മുൻ ചെയർമാൻ തോമസ് ജോസഫും തമ്മിലായിരുന്നു തർക്കം.
ചിലരുമായുള്ള കൂട്ടുകച്ചവടമാണ് സ്വകാര്യ കമ്പനി കേബിളുകൾ സ്ഥാപിച്ചപ്പോൾ നഗരസഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കിയതെന്നായിരുന്നു ലക്ഷ്മണന്റെപരാമർശം. എന്നാൽ, ഇത് തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചു തോമസ് ജോസഫ് രംഗത്തുവന്നു. ഇതോടെ, ചേരിതിരിഞ്ഞ് ബഹളമായി. കേബിളുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
കേബിളുകൾ സ്ഥാപിച്ച സ്വകാര്യ കമ്പനിയുമായി നഗരസഭ കേസ് നടത്തുന്നുണ്ട്.ഇതിന്റെ നിലവിലെ സ്ഥിതി അന്വേഷിക്കാതിരുന്ന നഗരസഭയുടെ നടപടിയെയും കൗൺസിലർമാർ വിമർശിച്ചു.
സർക്കാർ നേരിട്ട് സ്വകാര്യ കമ്പനിക്ക് കേബിളുകൾ വലിക്കാൻ അനുമതി നൽകിയിരുന്നു. ഇതിന്റെ മറവിൽ സ്ഥാപിച്ച ചേംബറുകൾ റോഡിൽ ഉയർന്നു അപകടഭീഷണി ഉയർത്തുന്നുണ്ട്. പോസ്റ്റുകൾക്ക് അകലമുള്ള ഇടങ്ങളിൽ പൈപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇവ രരണ്ടും 24 മണിക്കൂറിനകം നീക്കം ചെയ്യാനും കൗൺസിൽ തീരുമാനിച്ചു.
നഗരസഭയുടെ പരിധിയിലുള്ള അനധികൃത കെട്ടിടനിർമ്മാണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. ഇതുസംബന്ധിച്ച് ചർചച് ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം ചേരാനാണ് തീരുമാനം.