ആലപ്പുഴ : ചിറപ്പിന് മധുരം പകരാൻ പതിവു തെറ്റിക്കാതെ ഒറ്റപ്പാലം സ്വദേശി രാഘവനും പഞ്ഞിമിഠായിയുമെത്തി. കഴിഞ്ഞ 48 വർഷമായി മുല്ലയ്ക്കൽ ചിറപ്പ് വാണിഭത്തിലെ സജീവ സാന്നിദ്ധ്യമാണ് ഈ 74കാരൻ. ചിറപ്പ് കാണാനെത്തുന്ന കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ പ്രിയമാണ് രാഘവനുണ്ടാക്കുന്ന പഞ്ഞിമിഠായി.
എത്തുന്നവരിൽ ചിലർ രാഘവേട്ടന്റെ സ്ഥിരം കസ്റ്റമേഴ്സാണ്. പ്രായമേറെയായെങ്കിലും കേരളത്തിലെ എല്ലാ പ്രധാന ഉത്സവപ്പറമ്പിലും പഞ്ഞിമിഠായി കച്ചവടത്തിന് രാഘവനുണ്ടാകും. ബംഗളൂരുവിൽ ജോലി അന്വേഷിച്ചു പോയ രാഘവൻ അവിടെയുള്ളവരിൽ നിന്ന് പഠിച്ചതാണ് പഞ്ഞിമിഠായി കൂട്ട്. ഇതിന് ശേഷം നാട്ടിൽ എത്തി പഞ്ഞിമിഠായിക്കു നിർമ്മിക്കുന്നതിനു വേണ്ട എല്ലാ സാധനങ്ങളും യന്ത്രവും വാങ്ങി ഇൗ മേഖലയിൽ ചുവടുറപ്പിച്ചു. ലൈവായിട്ടാണ് രാഘവന്റെ പഞ്ഞി മിഠായി നിർമ്മാണം. ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ സർട്ടിഫിക്കറ്റുമുണ്ട്. രുചിക്കൊപ്പം ഗുണമേന്മയാണ് ഇൗ കൂട്ടിന്റെ പ്രത്യേകത. ചിറപ്പിന് 10 പൈസയ്ക്ക് ഒരു കവർ പഞ്ഞി മിഠായി വിറ്റ് തുടങ്ങിയതാണ് രാഘവൻ. ഇപ്പോഴത് കവറൊന്നിന് 20 രൂപയായി.
മുല്ലയ്ക്കലിൽ ഇന്ന്
നവകം രാവിലെ 7 ന് ,നൃത്തം വൈകിട്ട് 7 ന് , റെയിബാൻ ഹിറ്റ്സിന്റെ ഗാനമേള രാത്രി ,8.30 ന്