ആലപ്പുഴ: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയമാണെന്ന ഹൈക്കോടതിയുടെ നിരീക്ഷണം, പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിയിക്കുന്നതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭിക്കാത്തവരുടെ പരാതി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി രാമങ്കരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയെ ചുമതലപ്പെടുത്തിയ സംഭവം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ്.

 പഞ്ചായത്ത് സെക്രട്ടറിയെ

അറസ്റ്റ് ചെയ്യണം

മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, വി.എസ്.സുനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈനകരിപഞ്ചായത്തിലെ കനകശേരിപാടത്ത് നടത്തിയ ബണ്ട് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വഷേണം നടത്തണമെന്ന് കൊടിക്കുന്നിൽ ആവശ്യപെട്ടു. ടെണ്ടർ നടത്താതെ 86ലക്ഷം രൂപ ചെലവഴിച്ച കൈനകരി പഞ്ചായത്ത് സെക്രട്ടറിയെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം. മന്ത്രിമാർക്കും ഇതുമായി ബന്ധമുള്ള മുഴുവൻ ഉദ്യോഗസ്ഥരർക്കും കരാറുകാർക്കും എതിരെ കേസ് എടുക്കണം. ക്രമവിരുദ്ധമായി പണം വാങ്ങിയവരുടെ പക്കൽ നിന്ന് മുഴുവൻ തുകയും ഈടാക്കണം. മടവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രദേശം സന്ദർശിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ തയ്യാറാകത്തത് പ്രതിഷേധാർഹമാണെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.