വള്ളികുന്നം: ഇയാൾക്കെന്നാ കണ്ണുകണ്ടുകൂടെ എന്ന് താജുദ്ദീനോട് ആരും ചോദിക്കുകയില്ല. ജന്മനാ കാഴ്ചയില്ലാതിരുന്ന താജുദ്ദീന് കണക്കും കാഴ്ചയും അത്രയ്ക്ക് കുറുകൃത്യമാണ്. ജനിച്ച് നാല്പത്തഞ്ചാം നാൾ ഇരു കണ്ണുകളുടെയും കാഴ്ച പൂർണമായി നശിച്ച താജുദ്ദീൻ വളർന്നതോടെ സ്റ്റേഷനറി കട നടത്തി ഉപജീവനം ഭദ്രമാക്കി.
വള്ളികുന്നം കാമ്പിശ്ശേരി ദൈവപുരയ്ക്കൽ ക്ഷേത്രത്തിനു സമീപമാണ് അമ്പതുകാരനായ താജുദ്ദീന്റെ കുടുംബം. 50 വർഷത്തിലേറെ ഇവിടെ മാടക്കട നടത്തിയിരുന്ന വല്യത്ത് വടക്കതിൽ അസീസ് കുഞ്ഞിന്റെ മകനാണ്. ഉമ്മ ഫാത്തിമ. ഇവരുടെ മൂന്ന് മക്കളിൽ രണ്ടാമൻ. കാഴ്ച കിട്ടാനായി തിരുവനന്തപുരം മെഡിക്കൽ കോളേജടക്കം ഒട്ടേറെ ആശുപത്രികളിൽ ചികിത്സ തേടി. ആയുർവേദമടക്കം പരീക്ഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല.
വളർന്നപ്പോൾ പഠിക്കണമെന്ന മോഹത്തോടെ സഹോദരിയോടൊപ്പം സ്കൂളിൽ ചെന്നെങ്കിലും കാഴ്ചശക്തിയില്ലാത്തതിനാൽ അദ്ധ്യാപകർ തിരിച്ചയച്ചു. പക്ഷേ, തളർന്നില്ല, ഇച്ഛാശക്തി കൊണ്ട് മനസിലെ അളവുകളെ കൈവിരലിലേക്കെത്തിച്ച് ഒരു കുടുംബം പുലർത്തുന്ന കച്ചവടക്കാരനായി താജുദ്ദീൻ മാറി. കടയിൽ സാധനങ്ങൾ എവിടെയൊക്കെ ഇരിക്കുന്നുവെന്നതും തിട്ടം.
സ്റ്റേഷനറി കടയിലേക്ക്
പഠനം നടക്കാതായതോടെയാണ് വാപ്പയുടെ മാടക്കട താജുദ്ദീന് ആശ്രയമായത്. സാധനങ്ങൾ വാങ്ങി നൽകുന്ന നോട്ടുകളിലും നാണയങ്ങളിലും താജു തലോടി നോക്കുമായിരുന്നു. ഓരോ നോട്ടിന്റെയും അളവുകൾ നസിൽ കുറിച്ചു. വളർന്നതോടെ ഏതു നോട്ടും തിരിച്ചറിയാൻ കഴിയുന്ന തരത്തിലെത്തി. 2012 ൽ അസീസ് കുഞ്ഞ് മരിച്ചു. തുടർന്ന് സ്വന്തമായി കട ഏറ്റെടുത്ത് നടത്തുകയായിരുന്നു. നാട്ടുകാരുടെയും ഭാര്യവീട്ടുകാരുടെയും സഹായത്താൽ മാടക്കടയ്ക്ക് പകരം സ്റ്റേഷനറി കടയാക്കി. ഭാര്യയും രണ്ട് മക്കളുമുണ്ട്. പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് ഷഫീഖും മൂന്നാം ക്ലാസുകാരൻ മുഹമ്മദ് വഹാബും.
ഒപ്പം റേഡിയോയും ഭാര്യ റഫീഖയും
പത്രം വായിച്ചിട്ടില്ലെങ്കിലും താജുദ്ദീന് ലോകകാര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ട്. കുട്ടിക്കാലം മുതൽ കൊണ്ടുനടക്കുന്ന റേഡിയോ ആണ് അത് നൽകുന്നത്.
ഭാര്യ റഫീഖയാണ് നോട്ടിന്റെ മൂല്യം അളക്കുന്നതിൽ സഹായി. പുതിയ നോട്ടുകൾ ഇറങ്ങുമ്പോൾ റഫീഖ അത് താജുവിന്റെ വിരലുകളെ പരിചയപ്പെടുത്തും. അവസാനം ഇറങ്ങിയ നോട്ടിന്റെ അളവു പോലും താജുവിന് മനപ്പാഠം.