ഹരിപ്പാട്: ശാന്തിഗിരി ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനി ഇന്ന് ഹരിപ്പാട് ആശ്രമത്തിൽ എത്തും. ചേർത്തലയിലെ ചന്തിരൂരിൽ ഉയരാൻ പോകുന്ന നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മഗൃഹ സമുച്ചയ സൗധത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കാനായുള്ള യാത്രയിലാണ് ഹരിപ്പാട് എത്തുന്നത്. 22ന് രാവിലെ 11.30ന് ചന്തിരൂരിൽ ഗുരുസ്ഥാനീയ അമൃത ജ്ഞാനതപസ്വിനി ശിലാസ്ഥാപന കർമ്മം നിർവഹിക്കും.
എഴുപത്തയ്യായിരം ചതുരശ്രഅടിയിൽ ഉയരുന്ന മനോഹര മന്ദിര ശിൽപത്തിൽ
വിവിധ വാസ്തുശിൽപ ശൈലികൾ സമന്വയിക്കും.
ഇന്ന് വൈകിട്ട് 5.30ന് അകംകുടിയിലുള്ള ഹരിപ്പാട് ആശ്രമത്തിൽ സ്വാമി ആനന്ദജ്യോതി ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ പൂർണ കുംഭം നൽകി ഗുരുസ്ഥാനീയയെ വരവേൽക്കും.
6ന് നടക്കുന്ന ആരാധനയിൽ ശിഷ്യപൂജിത പങ്കെടുക്കും. അതിന് ശേഷം ഗുരുദർശനം. 1985 മാർച്ച് മാസം നടന്ന ഒരു തീർത്ഥയാത്രയുടെ ഭാഗമായാണ് ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദ്യമായി ഹരിപ്പാട് അകംകുടി എന്ന സ്ഥലത്ത് ഇന്ന് ആശ്രമം ഇരിക്കുന്ന സ്ഥലത്ത് എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്നും തിരികെവരുന്ന വഴി നങ്ങ്യാർകുളങ്ങര അകംകുടിയിലെ ശിവൻപിള്ള ചെല്ലമ്മ ദമ്പതികളുടെ പുത്തൻപീടിക വീട്ടിലെത്തുകയായിരുന്നു. അവിടെ കുറച്ച് സമയം വിശ്രമിച്ചശേഷമാണ് പോത്തൻകോട്ടെ കേന്ദ്രാശ്രമത്തലേക്ക് പോയത്. ഇന്ന് കാണുന്ന ആശ്രമത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത് ശിഷ്യപൂജിതയാണ്. ഇത് മൂന്നാം തവണയണ് ശിഷ്യപൂജിത ഹരിപ്പാട് ആശ്രമത്തിലെത്തുന്നത്. പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി എന്നിവരും സന്യാസി സന്യാസിനിമാരും അനുഗമിക്കും.