അമ്പലപ്പുഴ : കളഞ്ഞുപോയ സ്വർണം ഫേസ് ബുക്ക് പോസ്റ്റിലൂടെ തിരികെ കിട്ടി. ദമ്പതികളായ കഞ്ഞിപ്പാടം ചെറുകേരിച്ചിറ വീട്ടിൽ മോജിത്തും സ്നേഹയുമാണ് തങ്ങൾക്ക് വഴിയിൽ കിടന്ന് ലഭിച്ച രണ്ട് പവൻ സ്വർണമാലയുടെ അവകാശിയെ സോഷ്യൽ മീഡിയയിലൂടെ കണ്ടെത്തിയത്.
കഴിഞ്ഞ ഹർത്താൽ ദിനത്തിൽ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപത്തു നിന്ന് സ്വർണമാല കിട്ടിയ വിവരം മോജിത്ത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തു. ഇത് മാലയുടെ ഉടമസ്ഥനായ പുന്നപ്ര കളരിയ്ക്കൽ വീട്ടിൽ ഷിബിയുടെ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് ഇവരെ ബന്ധപ്പെടുകയുമായിരുന്നു. പുന്നപ്ര എസ്.ഐ. രാജൻ ബാബുവിന്റെ സാന്നിദ്ധ്യത്തിൽ ഷിബിയ്ക്ക് മാല ദമ്പതികൾ കൈമാറി.