ആലപ്പുഴ : ജില്ലയിലെ ബാങ്കുകൾ നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ 5,792 കോടി രൂപ വായ്പയായി വിതരണം ചെയ്തതായി ആലപ്പുഴ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല ബാങ്കിംഗ് അവലോകനയോഗം വിലയിരുത്തി.ബാങ്കുകളുടെ മൊത്തം വായ്പ സെപ്റ്റംബർ 30ന് 17,431 കോടിയായി ഉയർന്നു. ഇതോടെ ജില്ലയിലെ നിക്ഷേപ വായ്പാ അനുപാതം കഴിഞ്ഞവർഷത്തെ 48 ശതമാനത്തിൽനിന്ന് 52.95 ശതമാനമായി വർദ്ധിച്ചു.ഹോട്ടൽ റോയൽ പാർക്കിൽ ജില്ലാ കളക്ടർ എം.അഞ്ജനയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി.
പ്രധാനമന്ത്റി മുദ്റ യോജന വഴി 22,631 പേർക്ക് 179 കോടി രൂപ വിതരണം നടത്തി. കൂടാതെ 79 കിസാൻ ക്രെഡിറ്റ് കാർഡ് മേളകൾ കൃഷിഭവൻ മുഖേന നടത്തുകയും അതുവഴി 128 കോടി രൂപ 11,726 കർഷകർക്കായി വിതരണം ചെയ്യുകയുമുണ്ടായി. ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നും അതിനായി കേന്ദ്രം സംസ്ഥാന സർക്കാർ സംരംഭ പദ്ധതിയിലൂടെ വായ്പകൾ കൂടുതൽ ലഭ്യമാക്കണമെന്നും എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു. നബാർഡിന്റെ പൊട്ടൻഷ്യൽ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാൻ 2020-21 എം.പി. ജില്ല കളക്ടർക്ക് നൽകി പ്രകാശനം ചെയ്തു. 2018ലെ പ്രളയത്തിനുശേഷം ബാങ്കുകൾ നടത്തിയ പ്രവർത്തനത്തെ കളക്ടർ അഭിനന്ദിച്ചു. ലീഡ് ബാങ്ക് മാനേജർ വി.വിനോദ് കുമാർ, എസ്.ബി.ഐ റീജിയണൽ മാനേജർ എ.രാംകുമാർ, ആർ.ബി.ഐ പ്രതിനിധി പി.ജി.ഹരിദാസ്, ഡി.ഡി.എം നബാർഡ് ആർ.രഘുനാഥൻ പിള്ള എന്നിവർ സംസാരിച്ചു.
വായ്പകൾ
മുൻഗണനാ വിഭാഗത്തിന് 4,278 കോടി രൂപ
കാർഷിക വായ്പ 2,599 കോടി
കാർഷികേതര വായ്പ 1,147 കോടി
മറ്റു മുൻഗണനാ വിഭാഗത്തിന് 532 കോടി
വായ്പാ അനുപാതം
48 ശതമാനത്തിൽനിന്ന് 52.95