pinarayi-

ആലപ്പുഴ: രാജ്യത്തെ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.ഐ.ടി.യു 14-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏതു കൈവിട്ട കളിക്കും തയ്യാറെന്ന നിലപാടാണ് കേന്ദ്രസർക്കാരിന്റേത്. എല്ലാവരും ഒരേ രീതിയിൽ ഇതിനെതിരെ ശബ്ദിക്കണം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായി ഉയരുന്നത് ശുഭോദർക്കമാണ്. ഇന്ത്യയെ ഹിന്ദുവിന്റെ രാജ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാത്തിനും ഓരോ ലക്ഷ്യമുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി ബിൽ. ഒരു മതത്തിലും വിശ്വസിക്കാത്തവർക്കും അവരുടേതായ പൗരാവകാശമുണ്ട്. പൗരത്വം നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനം മതമാക്കി മാറ്റുന്നു. രാജ്യം തിളച്ചു മറിയുകയാണ്. വിദ്യാർത്ഥികളും യുവജനങ്ങളും തെറ്റായ നിലപാടുകളെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുന്നു. എന്നാൽ ഒരു പ്രക്ഷോഭവും പാടില്ലെന്ന സമീപനമാണ് സർക്കാരിന്.

എന്തെല്ലാമാണ് പൊലീസ് കാട്ടുന്നത്.സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം നേതാക്കളെ അറസ്റ്റു ചെയ്യുന്നു. ജാമിയ സർവകലാശാലയിൽ എത്ര കിരാതമായ നടപടിയാണ് സ്വീകരിച്ചത്. ഇന്റർനെറ്റ് സംവിധാനം വരെ നിരോധിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്നു.

ചില പ്രത്യേക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി നൽകിയ ഇളവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഒരു സംസ്ഥാനത്തെ വെട്ടിമുറിക്കുന്നത് നാം കണ്ടതാണ്. ഇതിനെല്ലാമെതിരെ എല്ലാവരും ഒറ്റക്കെട്ടായി ശബ്ദിക്കണം. ജനവരി 26ന് ഇടതു മുന്നണി തീർക്കുന്ന മനുഷ്യച്ചങ്ങല മനുഷ്യക്കോട്ടയായി മാറണമെന്നും പിണറായി വിജയൻ പറഞ്ഞു.

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നടപടികളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. ആലപ്പുഴ കടപ്പുറത്ത് നടന്ന സമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ദേശീയ പ്രസിഡന്റ് ഡോ.കെ.ഹേമലത, മന്ത്രി ജി.സുധാകരൻ,സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരംകരീം, എ.എം.ആരീഫ് എം.പി, എം.എൽ.എമാരായ ആർ.രാജേഷ്, സജി ചെറിയാൻ, യു.പ്രതിഭ,സ്വാഗതസംഘം ചെയർമാൻ ആർ.നാസർ തുടങ്ങിയവർ പങ്കെടുത്തു. പി.പി.ചിത്തരഞ്ജൻ സ്വാഗതവും പി.ഗാനകുമാർ നന്ദിയും പറഞ്ഞു.